കുവൈത്ത് സിറ്റി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുവൈത്തിലെ വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും അനുശോചിച്ചു. കേരള അസോസിയേഷൻ കുവൈത്ത് ഞായറാഴ്ച വൈകീട്ട് ഏഴിന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ ‘അനുസ്മരണ യോഗം’ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കല കുവൈത്ത്
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ കാനം യുവജന സംഘടനാ രംഗത്തും തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലും, ഭരണനേട്ടത്തിലൂടെയും കേരളത്തിലെ അനിഷേധ്യ നേതാവായി മാറിയതായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ചൂണ്ടികാട്ടി. പാർലമെന്ററി പ്രവർത്തനങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിലും കാനത്തിന്റെ പങ്ക് അതുല്യമാണ്. കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും തൊഴിലാളി പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് ഉണ്ടായതെന്നും, വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ്, ജനറൽ സെക്രട്ടറി സി. രജീഷ് എന്നിവർ അറിയിച്ചു.
കേരള അസോസിയേഷൻ- യുവകലാസാഹിതി
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ- യുവകലാസാഹിതി കുവൈത്ത് അനുശോചിച്ചു. ഇടതുപക്ഷമുന്നണിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി സംഘടനകളുടെയും മികച്ച സംഘാടകനെയാണ് കാനം രാജേന്ദ്രന്റെ വിടവാങ്ങലിലൂടെ നഷ്ടമായതെന്ന് സംഘടന വ്യക്തമാക്കി.
ജനത കൾച്ചറൽ സെന്റർ
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കേരള സമൂഹത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ജനത കൾച്ചറൽ സെന്റർ കുവൈത്ത് കമ്മിറ്റി ഭാരവാഹികളായ സമീർ കൊണ്ടോട്ടി, അനിൽ കൊയിലാണ്ടി, മണി പാനൂർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു
കെ.കെ.പി.എ
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ (കെ.കെ.പി.എ) അനുശോചനം രേഖപ്പെടുത്തി. കറ കളഞ്ഞ കമ്യൂണിസ്റ്റും തൊഴിലാളി നേതാവുമായിരുന്ന കാനത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്നും അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു