ദിവസവും തീയതിയും ഓർമപ്പെടുത്തി ചുമരിലൊരു കലണ്ടർ എന്നത് എല്ലാവരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ്. വർഷാവസാനമാവുമ്പോൾ പുതുവർഷത്തെ വരവേൽക്കുന്നതിലെ ആദ്യ ചടങ്ങ് ചുമരിലെ കലണ്ടർ നീക്കം ചെയ്ത് പുതിയതൊന്ന് സ്ഥാപിച്ചുകൊണ്ടാവും. എന്നാൽ, തൂങ്ങിയാടുന്ന കലണ്ടറിന്റ ഒറ്റത്താളിൽ എത്ര വർഷം ഒന്നിച്ച് അടയാളപ്പെടുത്താം…?.
ഓരോ മാസവും ഓരോ താളുകളായി ചിട്ടപ്പെടുത്തുന്ന നമ്മുടെ കലണ്ടറുകളിൽ വർഷത്തെ മുഴുവൻ ദിവസങ്ങളും അടയാളപ്പെടുത്തുകയെന്നത് അസാധ്യമാണ്. എന്നാൽ, ഈ ചോദ്യം ഖത്തറിലെ പ്രവാസിയായ ആലുവക്കാരൻ നാസർ മേത്തറോടാണെങ്കിൽ വർഷക്കണക്ക് എണ്ണിയാൽ തീരില്ല. പത്തും നൂറും ഇരുന്നൂറും ആയിരവുമല്ല…. ഒറ്റപ്പേജിൽ 3000 വർഷത്തെ കലണ്ടർ അടുക്കും ചിട്ടയോടും കൂടിയാണ് ഈ കലണ്ടർമാൻ തയാറാക്കിയിരിക്കുന്നത്. നൂറ് തലമുറ മനുഷ്യന്മാർ ജീവിച്ചു മരിച്ചാലും നാസർ മേത്തറുടെ കലണ്ടറിന്റെ താളുകൾ മറിച്ചിടേണ്ട ആവശ്യമില്ലെന്ന് ചുരുക്കം.
മൂന്നു പതിറ്റാണ്ടിലേറെയായി ഖത്തറിൽ പ്രവാസിയായി തുടരുന്നു നാസർ മേത്തറിനെ കണക്കിലെയും ഗോളശാസ്ത്രത്തിലെയും തന്റെ കൗതുകമാണ് കലണ്ടർ നിർമാണത്തിലേക്കെത്തിക്കുന്നത്. അങ്ങനെ ഒരു ഹോബിയിൽ തുടങ്ങിയ കലണ്ടറിൽ പിറന്ന ‘ഫന്റാസ്റ്റിക് കലണ്ടറിന്റെ’ കഥ പറയുകയാണ് നാസർ.
കലണ്ടർ മാൻ നാസർ
ഖത്തർ പെട്രോളിയത്തിൽ പുതുവർഷ കാർഡ് കലണ്ടർ തയാറാക്കുന്ന കരാർ ജോലിയിൽനിന്നായിരുന്നു നാസറിന് ഈ ദൗത്യത്തിലേക്കുള്ള ആശയം പിറന്നത്. ഇന്റർനെറ്റൊന്നും ലഭ്യമല്ലാത്ത കാലത്ത്, ഔദ്യോഗിക കലണ്ടർ പുറത്തിറങ്ങുന്നത് കാത്തിരുന്ന ശേഷമായിരുന്നു തനിക്കാവശ്യമായ കലണ്ടർ തയാറാക്കിയത്. ഈ കാത്തിരിപ്പുകാലം ഒഴിവാക്കാൻ കലണ്ടർ സ്വയം തയാറാക്കിയാലോ എന്ന ആലോചനയിൽനിന്ന് പുതിയൊരു തുടക്കം. അങ്ങനെ 2000ൽ രാത്രികാലങ്ങളിൽ ഉറക്കമിളച്ചിരുന്ന് കണക്കും ഗണിതങ്ങളുമെല്ലാം ഉപയോഗിച്ച് കലണ്ടറിന്റെ പണി തുടങ്ങി.
ഏറെ ശ്രദ്ധയും സൂക്ഷ്മതയും വേണ്ട കലണ്ടർ നിർമാണം വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് പൂർത്തിയാക്കിയതെന്ന് നാസർ പറയുന്നു. ആദ്യ നാളുകളിൽ വീട്ടുകാരെല്ലാം ഉറങ്ങി ചുറ്റുപാടും നിശബ്ദമാവുന്ന രാത്രികളിലാണ് നാസർ നിർമാണ പ്രവർത്തനം തുടങ്ങുക. ഒരു കണക്ക് പിഴച്ചാൽ, ആകെ തെറ്റുമെന്നതിനാൽ സൂക്ഷ്മത ഏറെ ആവശ്യമാണ്. അങ്ങനെ കൂട്ടിയും കിഴിച്ചും ദിവസങ്ങൾ അടയാളപ്പെടുത്തി തുടങ്ങി. ശേഷം, അവ പരിശോധിച്ച് തെറ്റുകൾ കണ്ടെത്തിയും തിരുത്തിയും വീണ്ടും പരിശോധിച്ചുമെല്ലാം വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ തയാറാക്കി. 2000ത്തിൽ ആദ്യം ഒരു പത്തുവർഷത്തെ കലണ്ടറായിരുന്നു തയാറാക്കിയത്. പിന്നെ, കൂടുതൽ വർഷത്തെ കലണ്ടറുകൾ തയാറാക്കിയതായി നാസർ മേത്തർ പറയുന്നു.
2000 മുതൽ പിന്നോട്ടും മുന്നോട്ടുമെല്ലാം ഓരോ വർഷവുമായി ഒരുക്കി. കലണ്ടറിന്റെ രസതന്ത്രം പിടികിട്ടിയതോടെ, ഏതാനും വർഷങ്ങൾകൊണ്ട് ക്രിസ്തു വർഷത്തിന്റെ ആരംഭം മുതൽ നിർമിച്ചു തുടങ്ങി. 25,000 വർഷം വരെയുള്ള കലണ്ടറിന്റെ പട്ടിക തന്റെ കൈവശമുണ്ടെന്ന് നാസർ അവകാശപ്പെടുന്നു.
അന്ന് ചില ഏജൻസികളുമായി ചേർന്ന് പ്രസിദ്ധീകരിക്കാൻ ശ്രമം നടത്തിയെങ്കിലും അവർ കലണ്ടർ രഹസ്യം ആവശ്യപ്പെട്ടതോടെ നാസർ പിൻവാങ്ങി. മനംമടുത്തതോടെ, വർഷങ്ങളോളം എല്ലാം മറന്നു. പിന്നീട്, ഇന്റർനെറ്റ് സജീവമാവുകയും വിരൽതുമ്പിൽ കാലക്കണക്ക് ലഭ്യമാവുകയും ചെയ്തതോടെ കലണ്ടർതന്നെ അപ്രസക്തമായി. എന്നാൽ, അതിനിടെയാണ് രണ്ടു പതിറ്റാണ്ട് മുമ്പ് നടത്തിയ ഉദ്യമം പൊടിതട്ടിയെടുക്കാമെന്ന് നാസറിന് തോന്നുന്നത്. അങ്ങനെ, ഏതാനും മാസങ്ങൾക്ക് മുമ്പ് ആ പഴയ ഡയറിത്താളുകൾ മറിച്ചെടുത്ത് അദ്ദേഹം, ഒറ്റത്താളിലേക്ക് 3000 വർഷത്തെ കലണ്ടർ പകർത്താൻ തുടങ്ങി. ഒരു കലണ്ടർ വലിപ്പത്തിലെ ചാർട്ടിൽ ഇത്രയേറെ വർഷം ഒളിപ്പിച്ചുവെച്ചാൽ കൗതുകമാവും എന്ന ചിന്തയിൽനിന്നാണ് 0001 മുതൽ 3000 വരെയുള്ള തീയതികൾ നാസർ പകർത്തുന്നത്.
ഒറ്റനോട്ടത്തിൽ ദിവസം കണ്ടെത്താൻ കഴിയില്ലെങ്കിലും ഏതാനും സെക്കൻഡുകൾക്കുള്ളിൽ എ.ഡി 101ലെയും 1947ലെയും 2901ലെയുമെല്ലാം ദിവസങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് ഈ ‘ഫന്റാസ്റ്റിക് കലണ്ടറി’ന്റെ പ്രത്യേകതയെന്ന് നാസർ സാക്ഷ്യപ്പെടുത്തുന്നു.
സ്വന്തം പേരിൽ പകർപ്പവകാശം നേടിയാണ് നാസർ കലണ്ടർ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ആകർഷകമായ പ്രത്യേക പ്രിന്റുകൾ വാണിജ്യാടിസ്ഥാനത്തിൽ ആവശ്യക്കാർക്ക് എത്തിക്കാനും പരിപാടിയുണ്ട്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിലും കലണ്ടർ ലഭ്യമാണ്.
ആലുവ ശ്രീമൂലനഗരം കാക്കനാട്ടിലാണ് നാസറിന്റെ സ്വദേശം. ഖത്തറിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം മതാർഖദീമിലാണ് താമസിക്കുന്നത്. ഭാര്യ മുംതാസ്. . നിയാസ് മേത്തർ, നിസി മേത്തർ എന്നിവർ മക്കളാണ്.
എങ്ങനെ തീയതി കണ്ടെത്താം…?
മൂന്നു ഭാഗങ്ങളിലായാണ് 3000 വർഷത്തെ വിവരങ്ങൾ ഒതുക്കിയിരിക്കുന്നത്. വർഷങ്ങളുടെ പട്ടിക, മാസ പട്ടിക, ദിവസ പട്ടിക എന്ന ക്രമത്തിൽ തീയതി കണ്ടെത്താം. ആവശ്യമുള്ള വർഷം തിരിച്ചറിഞ്ഞാൽ, അതോടൊപ്പം നൽകിയ ഇംഗ്ലീഷ് അക്ഷരം തെരഞ്ഞെടുത്ത്, ‘മാസ പട്ടികയിലെത്തിയാൽ അവിടെ ഒന്നുമുതൽ ഏഴുവരെ അക്കങ്ങളിൽ ഒരാൾ കാത്തിരിക്കും. അതുമായി താഴെ ദിവസപട്ടികയിലെത്തിയാൽ ഓരോ ഒന്ന് മുതൽ 31 വരെ തീയതികളിലൊന്നിൽ നിങ്ങൾ അന്വേഷിക്കുന്ന ദിവസമായിരിക്കും. ഫന്ററാസ്റ്റിക് കലണ്ടർ ആവശ്യമുള്ളവർക്ക് 0974 5531 0655 എന്ന നമ്പറിലോ ‘[email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു