ദോഹ: ആകാശത്ത് പാറിപ്പറന്ന് സുന്ദരമായ നഗരക്കാഴ്ചകളും ഒപ്പം താഴെനിന്ന് നോക്കുന്നവർക്ക് മഴവിൽ വർണങ്ങളിൽ ബലൂണുകൾ നിറഞ്ഞ ആകാശവും സമ്മാനിച്ച് നാലാമത് ഖത്തർ ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവലിന് തുടക്കമായി. വിവിധ രൂപങ്ങളിൽ സജ്ജമായ ബലൂണുകളിൽ കയറി ആകാശസഞ്ചാരത്തിന് കൊതിക്കുന്നവർക്കും, താഴെ കാത്തുനിന്ന് കാണാൻ ഇഷ്ടപ്പെടുന്നവർക്കും ആവേശം പകരുന്ന 12 ദിവസത്തെ ബലൂൺ ഫെസ്റ്റിനാണ് കതാറ കൾചറൽ വില്ലേജിൽ തുടക്കം കുറിച്ചത്. 55 ഹോട്ട് എയർ ബലൂണുകളാണ് ഇത്തവണത്തെ ഫെസ്റ്റിന്റെ ഭാഗമാകുന്നത്. ആദ്യഘട്ടത്തിൽ 30 ബലൂണുകളാണ് ഖത്തറിന്റെ ആകാശത്ത് പതിയെ തെന്നിനീങ്ങി സന്ദർശകർക്ക് വിസ്മയക്കാഴ്ചയൊരുക്കുന്നത്.
കാലാവസ്ഥ അനുകൂലമാകുന്ന ദിനങ്ങളിൽ സൂര്യോദയത്തിനു പിന്നാലെയാണ് ബലൂണുകളിലേറി പറക്കാനുള്ള സൗകര്യമൊരുക്കുന്നത്.കാറ്റിന്റെ ദിശക്കും കാലാവസ്ഥക്കും അനുസൃതമായി തലേദിവസം രാത്രി തീരുമാനിക്കുന്ന ഹോട്ട് എയർ ബലൂൺ ടേക് ഓഫ് സൂര്യോദയ സമയത്താണ് നടക്കുക.
50 ഹോട്ട് എയർ ബലൂണുകൾ ഒരേസമയം പറന്നുയരുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ടേക് ഓഫ് ലൊക്കേഷൻ അറിയുന്നതിനായി ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ പേജുകൾ ഇടക്കിടെ സന്ദർശിക്കുക. പൊതുജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിന് 1000 ഹോട്ട് എയർ ബലൂൺ റൈഡ് ടിക്കറ്റുകൾ 499 റിയാലിന് സബ്സിഡി നിരക്കിൽ സംഘാടകർ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, പ്രത്യേക ഫാമിലി ഏരിയ, കുട്ടികൾക്കുള്ള ഗെയിമുകൾ, രുചിവൈവിധ്യങ്ങളുടെ ഫുഡ് കോർട്ട്, അതിഥികൾക്കുള്ള വി.ഐ.പി മജ്ലിസ് എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഫെസ്റ്റിന്റെ കേന്ദ്രമായ കതാറയിലാണ് കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ആകർഷകമായ പരിപാടികൾ നടക്കുന്നത്. ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 10വരെ കതാർ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഹോട്ട് എയർ ബലൂണുകളാണ് പങ്കാളികളാകുന്നത്. ഫ്രാൻസ്, തുർക്കി, നെതർലൻഡ്സ്, ബ്രിട്ടൻ, ഗ്രീസ്, സൗദി, ജർമനി, ഹംഗറി, ബെൽജിയം, അമേരിക്ക, െസ്ലാവീനിയ, ലിേത്വനിയ, ചെക്ക്, മാഴ്സിഡോണിയ, സ്പെയിൻ, അയർലൻഡ്, ക്രൊയേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നാണ് 55ഓളം ഹോട്ട് എയർ ബലൂണുകളും ഇവ പറത്തുന്ന റൈഡർമാരുമെത്തിയത്. കതാറ, സ്പോർട്സ് സിറ്റി, മരുഭൂമികൾ, ലുസൈൽ തുടങ്ങിയ വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് കാറ്റിന്റെ ദിശയറിഞ്ഞ് പറത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു