ദോഹ: രണ്ടുമാസം പിന്നിട്ടിട്ടും അന്താരാഷ്ട്ര സമ്മർദങ്ങൾക്കും നയതന്ത്ര നീക്കങ്ങൾക്കും വഴങ്ങാതെ ഗസ്സയിൽ ആക്രമണം തുടരുന്ന ഇസ്രായേലിനുമേൽ ഇടപെടൽ ശക്തമാക്കാൻ ആവശ്യപ്പെട്ട് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി അമേരിക്കയിലെത്തി.
അറബ് -ഇസ്ലാമിക ഉച്ചകോടിയുടെ തീരുമാനപ്രകാരം രൂപവത്കരിച്ച മന്ത്രിതല സമിതിയുടെ ഭാഗമായാണ് ഖത്തർ പ്രധാനമന്ത്രിയും അമേരിക്കയിലെത്തി വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയത്.
ഗസ്സയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം, വെടിനിർത്തൽ നടപ്പാക്കാനുള്ള സാധ്യതകളും ചർച്ച ചെയ്തു. വെടിനിര്‍ത്തലിന് പിന്നാലെയുണ്ടായ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം മധ്യസ്ഥ ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കുകയും ഗസ്സയിലെ ദുരിതം കൂട്ടുകയും ചെയ്തതായി ഖത്തര്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ സ്ഥിരമായ സംവിധാനമുണ്ടാകണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ വിഷയത്തില്‍ ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് സമിതി അമേരിക്കയിലെത്തിയത്.
ഫലസ്തീന് ജനതക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കാനും യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര തലത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കുകയാണ് ലക്ഷ്യം. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. അയ്മൻ അൽ സഫാദി, യു.എസിലെ തുർക്കി അംബാസഡർ ഹസൻ മുറാദ് മെർകാൻ എന്നിവരും ബ്ലിങ്കനെ സന്ദർശിച്ച സംഘത്തിന്റെ ഭാഗമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു