ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ആവേശങ്ങളുടെ വിളംബരമായി ചാമ്പ്യൻസ് ട്രോഫി ആരാധകരിലേക്ക്. കളിയുത്സവത്തിന് കിക്കോഫ് വിസിൽ മുഴങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കേ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ട്രോഫി ടൂറിന് തുടക്കം കുറിച്ചു. ആദ്യ ദിനമായ തിങ്കളാഴ്ച ലുസൈലിലെ േപ്ലസ് വെൻഡോം മാളിലായിരുന്നു ആരാധകർക്ക് കാണാനും ചിത്രം പകർത്താനുമായി ഏഷ്യൻ കപ്പിന്റെ വെള്ളി നിറത്തിലെ ട്രോഫിയെത്തിയത്. ഒപ്പം, ടൂർണമെന്റ് ഭാഗ്യചിഹ്നമായ സബൂഖ്, തംബ്കി, ഫ്രിഹ, സിക്രിതി, ത്രെൻഹ എന്നിവരുടെ അഞ്ചംഗ കുടുംബവുമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി എട്ടു വരെ ആരാധകർക്കായി പ്രദർശിപ്പിച്ച ട്രോഫി, ശനിയാഴ്ച മാൾ ഓഫ് ഖത്തറിലെത്തും. നാല് മുതൽ രാത്രി എട്ടുവരെ തന്നെയാണ് പ്രദർശനം.
ആദ്യ രണ്ടു ദിനങ്ങളിലെ പ്രദർശനങ്ങളുടെ തുടർച്ചയായി വരും ദിനങ്ങളിലും ഖത്തറിന്റെ വിവിധ മേഖലകളിലായി ട്രോഫി ടൂർ തുടരുമെന്ന് പ്രദേശിക സംഘാടകർ അറിയിച്ചു. എ.എഫ്.സി ഏഷ്യൻ കപ്പ് സമൂഹ മാധ്യമ പേജ് വഴി ടൂർ വിവരങ്ങൾ പ്രഖ്യാപിക്കും.
ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന വൻകരയുടെ ഫുട്ബാൾ മേളയുടെ അവസാന വട്ട ഒരുക്കത്തിലാണ് ഖത്തർ. കഴിഞ്ഞയാഴ്ചയാണ് ടൂർണമെന്റിന്റെ ഭാഗ്യചിഹ്നങ്ങൾ പ്രഖ്യാപിച്ചത്. 2011 ഏഷ്യൻ കപ്പിൽ ഭാഗ്യതാരമായി നിറഞ്ഞുനിന്ന സബൂഖ് കുടുംബത്തെ തന്നെയാണ് പുതുമയോടെ ഇത്തവണയുമെത്തിച്ചത്. മിഷൈരിബിൽ നടന്ന ഭാഗ്യമുദ്ര പ്രകാശന ചടങ്ങിലും ചാമ്പ്യൻസ് ട്രോഫി പ്രദർശനവും വിവിധ ഫുട്ബാൾ ഫൺ ഗെയിമുകളും നടന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു