ദോഹ: താമസക്കാർക്കും സ്വദേശികൾക്കുമിടയിൽ പ്രായഭേദമന്യേ സജീവമായി മാറിയ ഇ-സ്കൂട്ടർ ഉപയോഗത്തിന്റെ സുരക്ഷാമാർഗങ്ങൾ ആരാഞ്ഞ് ആഭ്യന്തര മന്ത്രാലയം ശിൽപശാല. ഗതാഗത സുരക്ഷാ നിലവാരം മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ കുറക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജി.സി.സി രാജ്യങ്ങളിലെ ട്രാഫിക് വിഭാഗം പ്രതിനിധികളുടെ പങ്കാളിത്തത്തോടെ ഖത്തർ ആഭ്യന്തര മന്ത്രാലയം ശിൽപശാല സംഘടിപ്പിച്ചത്.ഗൾഫ് രാജ്യങ്ങളുടെ ഗതാഗത വകുപ്പുകൾ തമ്മിലുള്ള സഹകരണവും സംയുക്ത പ്രവർത്തനവും വർധിപ്പിക്കുകയും ശിൽപശാലയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
ചിലയിടങ്ങളിൽ ഇ-സ്കൂട്ടറുകൾക്ക് നിശ്ചിത വേഗപരിധി നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യമാണ് ശിൽപശാല ചൂണ്ടിക്കാട്ടിയത്. ഹെൽമറ്റ് ധരിക്കുക, റിഫ്ലക്ടറുകൾ സ്ഥാപിക്കുക, ഉപയോഗിക്കുന്നതിനു മുമ്പ് ടയറുകൾ, ബ്രേക്ക്, ഷാസി തുടങ്ങിയ സുരക്ഷാനടപടികൾ ഉറപ്പാക്കണമെന്ന് നിർദേശിച്ചു. കാൽനടക്കാർക്കായി നിശ്ചയിച്ച സ്ഥലങ്ങളിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിർബന്ധമായും നിരോധിക്കണമെന്നും ഇ-സ്കൂട്ടറിനോ ഡ്രൈവർക്കോ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാകുന്ന രീതിയിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിൽനിന്ന് ഉപയോക്താക്കളെ വിലക്കണമെന്നും ആവശ്യമുയർന്നു. കൂടാതെ, കൂട്ടമായോ തൊട്ടടുത്തായോ പ്രത്യേകിച്ച് കാൽനടക്കാരുടെ സ്ഥലങ്ങളിലോ അസംബ്ലി പോയന്റുകൾക്കു സമീപമോ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതും നിരോധിക്കണം.
നാശനഷ്ടങ്ങളിൽനിന്ന് ഉപയോക്താക്കളെ പരിരക്ഷിക്കുന്നതിന് അംഗീകൃത കമ്പനികളിൽനിന്ന് സാധുതയുള്ള ഇൻഷുറൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ കമ്പനികൾക്കും നിർദേശം നൽകാൻ നിർദേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഇ-സ്കൂട്ടറുകളുടെ വ്യാപനത്തെക്കുറിച്ച ചർച്ച ചെയ്യുന്നുണ്ടെന്ന് ഗതാഗത വകുപ്പിലെ ബോധവത്കരണ വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ജാസിം നാസൽ അൽ ഹുമൈദി പറഞ്ഞു. അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിന് ഇ-സ്കൂട്ടറുടെ ഉപയോഗം നിയന്ത്രിക്കുക, വ്യവസ്ഥകളും നിയമനിർമാണങ്ങളും ക്രമീകരിക്കുക, നിയന്ത്രണങ്ങൾ പാലിക്കുക, വാഹനങ്ങളുടെ ഗ്രിഡ്ലോക്കുകൾ കുറക്കുക എന്നിവ അനിവാര്യമാണെന്നും ബ്രിഗേഡിയർ ജനറൽ അൽ ഹുമൈദി കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു