കോട്ടയം : ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് എൻ.ഡി.എയുടെ ഭാഗമാകാൻ പി.സി. ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം സെക്കുലര്‍ സംസ്ഥാന സമിതി തീരുമാനം.ചര്‍ച്ചകള്‍ക്കായി അഞ്ചംഗ സമിതിയെയും നിയോഗിച്ചു. പത്തനംതിട്ട ലോക്സഭ സീറ്റ് ആവശ്യപ്പെടാനും തീരുമാനിച്ചു. പി.സി. ജോര്‍ജിനെ പത്തനംതിട്ടയില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി. മുന്നണിയുടെ ഭാഗമായി ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം ജോര്‍ജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബി.ജെ.പി മുന്നോട്ടുവെച്ചു. എന്നാല്‍, ഇത് തള്ളിയ ജനപക്ഷം എൻ.ഡി.എയുടെ ഭാഗമാകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്‍റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി നേതൃത്വവും. ജനപക്ഷം യോഗം ചെയര്‍മാൻ പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് ചെയര്‍മാൻ ഇ.കെ. ഹസൻകുട്ടി അധ്യക്ഷത വഹിച്ചു.