മുംബൈ ശിവാജി പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു.
സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചക്കകം മറുപടി നൽകാൻ കമ്മീഷൻ വിവിധ ഔദ്യോഗിക സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മുംബൈ പോലീസ് കമീഷണർ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, എക്സ് (ട്വിറ്റർ), മഹാരാഷ്ട്ര വനിതാ ശിശുവികസന വകുപ്പ് എന്നിവർക്കാണ് മനുഷ്യാവകാശ കമീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.
ഇതിൽ സി ജെ പി സംഘാടകരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മുംബൈ പൊലീസിനോട് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസിന്റെ ഭാഗത്തുനിന്നുള്ള നിയമപരമായ ഇടപെടലുകളും നടപടികളും തടയുന്നതിന് വേണ്ടി കുട്ടികളെ സമരത്തിന്റെ മുൻനിരയിൽ മനഃപൂർവ്വം നിർത്തിയതാണോ എന്ന് പരിശോധിക്കാൻ കമീഷൻ ശുപാർശ ചെയ്തു.
സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള കുട്ടികളുടെ സംരക്ഷണ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സമരം നടന്ന സമയത്ത് കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ കൃത്യമായി സൂക്ഷിച്ചുവെക്കാൻ എക്സിനോട് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പിന്നീട് ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഈ നീക്കം.















