മനാമ: അയൺമാൻ 70.3 മിഡിൽ ഈസ്റ്റേൺ ചാമ്പ്യൻഷിപ് ബഹ്റൈൻ 2023 റീഫ് ഐലൻഡിൽ ആരംഭിച്ചു. 88 രാജ്യങ്ങളിൽനിന്നുള്ള 1,600ലധികം അത്ലറ്റുകൾ ഈ വർഷത്തെ എഡിഷനിൽ പങ്കെടുക്കുന്നു. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്കിളിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവയടങ്ങിയതാണ് മത്സരം.
അയൺമാൻ 70.3 മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി അയൺ കിഡ്സ് എന്ന പേരിൽ കുട്ടികൾക്കായി മത്സരം അരങ്ങേറി. ഇവന്റിനോടനുബന്ധിച്ച് എക്സ്പോയും പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ട്.ബഹ്റൈൻ ഇക്കണോമിക് വിഷൻ 2023 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അന്തർദേശീയ ഇവന്റുകൾക്ക് വേദിയൊരുക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റൈൻ മെഗാ സ്പോർട്സ് ചാമ്പ്യൻഷിപ്പുകളുടെ വേദിയാക്കുന്നത് വിനോദസഞ്ചാര മേഖലയുടെ ഉണർവിന് കാരണമാകും.
റീഫ് ഐലൻഡിൽനിന്നാണ് ഓപണിങ് സ്വിമ്മിങ് സ്റ്റേജ് ആരംഭിച്ചത്. ബൈക്ക് കോഴ്സ് ബഹ്റൈൻ വേൾഡ് ട്രേഡ് സെന്റർ, ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് തുടങ്ങിയ ഐക്കണിക് ലാൻഡ്മാർക്കുകൾ വഴി കടന്നുപോയ ശേഷം റീഫ് ഐലന്റിൽ തിരിച്ചെത്തി.
ഓട്ടം റീഫ് ഐലൻഡിൽനിന്ന് ആരംഭിച്ച് ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ വഴി റീഫ് ഐലന്റിലെത്തി. ന്യൂസിലാൻഡിൽ നടക്കുന്ന 2024 70.3 ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യത മത്സരമാണിത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു