കുവൈത്ത് സിറ്റി: വിമാന ടിക്കറ്റ് കൊള്ളയിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കിയതോടെ കുറഞ്ഞ നിരക്കിൽ ഭാവിയിലെങ്കിലും യാത്ര ചെയ്യാൻ കഴിയുമെന്ന പ്രവാസികളുടെ പ്രതീക്ഷ മങ്ങി. വിഷയത്തിൽ പ്രവാസികളുടെ ദീർഘനാളായുള്ള ആവശ്യത്തോട് മുഖം തിരിക്കുകയാണ് കേന്ദ്ര സർക്കാർ.
പ്രവാസികളെയും ആഭ്യന്തര യാത്രക്കാരെയും മൂന്ന് മടങ്ങുവരെ ടിക്കറ്റ് നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കാര്യം മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ കേരള എം.പിമാർ കഴിഞ്ഞ ദിവസം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ഇതിനു മറുപടി ആയാണ് നിരക്കുനിർണയത്തിൽ സർക്കാറിന് പങ്കില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചത്. നിരക്ക് സഥിരപ്പെടുത്തണമെന്ന ആവശ്യം തള്ളിയ കേന്ദ്രമന്ത്രി കോവിഡിന് ശേഷം വ്യോമയാന മേഖല തകർച്ചയുടെ വക്കിലാണെന്ന് മറുപടി പറഞ്ഞു. വിമാന സർവിസിൽനിന്നുള്ള വരുമാനം സീസൺ അടിസ്ഥാനപ്പെടുത്തിയാണെന്ന് മനസ്സിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് ആഗസ്റ്റിൽ ജ്യോതിരാദിത്യ സിന്ധ്യ തള്ളിയിരുന്നു. തിരക്കുള്ള സീസണിൽ ചാർട്ടേഡ് വിമാനങ്ങൾ ഓപറേറ്റ് ചെയ്യാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യവും നിരസിക്കുകയുണ്ടായി.
ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണെന്നും ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് നിരക്ക് വർധനയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്ര സർക്കാർ ചെവി കൊണ്ടില്ല.
പ്രവാസികളുടെ വിഷയവും വിമാനങ്ങളുടെ സീസണൽ കൊള്ളയും എ.എം. ആരിഫ് എം.പി, അടൂർ പ്രകാശ് എം.പി എന്നിവർ നേരത്തേ ലോക്സഭയിലും ഉന്നയിച്ചിരുന്നു. വിഷയത്തിൽ ഇടപെടാനാകില്ലെന്നാണ് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. വി.കെ. സിങ് ലോക്സഭയിൽ മറുപടി നൽകിയത്.
അവധി സമയങ്ങൾ, ആഘോഷ വേളകൾ എന്നിങ്ങനെ പ്രവാസികൾ കൂട്ടത്തോടെ നാട്ടിൽ പോകുന്ന സമയങ്ങളിലെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തൽ വിമാനക്കമ്പനികളുടെ പതിവാണ്. പലപ്പോഴും രണ്ടും മൂന്നും ഇരട്ടിവരെ നിരക്കുയരും. കുറഞ്ഞ നിരക്കിൽ ജോലിയെടുക്കുന്ന സാധാരണക്കാരായ ആളുകൾക്ക് ഇത് വലിയ പ്രയാസം തീർക്കുന്നു. കുടുംബവുമായി കഴിയുന്ന ആളുകൾക്ക് തങ്ങളുടെ അധ്വാനത്തിന്റെ നല്ലൊരു വിഹിതവും വിമാനയാത്രക്കായി ഇതുമുലം ചെലവഴിക്കേണ്ട സ്ഥിതിയും ഉണ്ട്. സീസണൽ കൊള്ളക്കെതിരെ പ്രവാസി സംഘടനകളും മറ്റും നിരന്തരം ശബ്ദമുയർത്താറുണ്ടെങ്കിലും പലപ്പോഴും ഭരണവർഗവും വിമാനകമ്പനികളും മുഖവിലക്കെടുക്കാറില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു