വെറും ചുട്ടുപൊള്ളുന്ന മരുഭൂമി മാത്രമല്ല കുവൈത്ത്. ഋതുഭേദങ്ങളുടെ ആവർത്തനങ്ങളിൽ രാജ്യം പല കാലാവസ്ഥകളിലൂടെ കടന്നുപോകുന്നു. പല കാഴ്ചകൾക്കും സാക്ഷിയാകുന്നു. കുവൈത്തിലെ ശരത്കാലം അത്തരം കാഴ്ചകളുടെ വസന്തകാലമാണ്. രാജ്യത്ത് വൻതോതിൽ ദേശാടനപ്പക്ഷികൾ എത്തുന്ന സമയം. തണ്ണീർത്തടങ്ങളിലും കടലോരത്തും അവ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ആകാശത്ത് ചിറകു വിരിക്കും. അങ്ങനെ കാഴ്ചകളുടെ വർണത്തൂവലുകൾ വിടർത്തി ദിവസങ്ങൾ കുവൈത്തിൽ തുടരും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും. ഇതിനൊപ്പം കുവൈത്തിന്റെ മാത്രം പക്ഷിവർഗങ്ങളുമുണ്ട്. മരുഭൂമിയിലെ ചൂടും തണുപ്പും ഒരുപോലെ മറികടന്ന് അത്ഭുതപ്പെടുത്തുന്നവ. പല രൂപങ്ങളിൽ, കാഴ്ചകളിൽ, സ്വഭാവങ്ങളിൽ തുടരുന്നവ. മലയാളിയും പക്ഷിനിരീക്ഷകനുമായ ഇർവിൻ ജോസ് നെല്ലിക്കുന്നേൽ അവ പരിചയപ്പെടുത്തുന്നു. ‘കുവൈത്തിലെ തൂവൽ കുപ്പായക്കാർ’ എന്ന കോളത്തിലൂടെ.
കുവൈത്തിൽ വിരുന്നെത്തുന്ന ദേശാടന മൂങ്ങകളിൽ പ്രധാനിയാണ് നെടുഞ്ചെവിയൻ മൂങ്ങ അഥവാ ലോങ് ഇയേഡ് ഔൾ. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ സ്ഥിര സാന്നിധ്യമായ ഇവ യൂറോപ്പിൽ ശൈത്യം കടുക്കുമ്പോൾ ആണ് തെക്കു ദിശയിൽ ദേശാടനം നടത്തുന്നത്. ഈ കാലയളവിൽ ഇവ വടക്കേ ആഫ്രിക്ക വരെ എത്താറുണ്ട്. കുവൈത്തിലൂടെ കടന്നുപോകുന്നവ സാധാരണയായി ഇവിടെ രണ്ടു മുതൽ മൂന്നാഴ്ച വരെ തങ്ങാറുണ്ട്. തികച്ചും നിശാചരനായ ഇവയുടെ മുഖ്യ ആഹാരം ചെറു സസ്തനികളും പക്ഷികളുമാണ്. ഇത്തരം ഇരകളുടെ അഭാവത്തിൽ മുയലുകളെ വരെ ഇവ വേട്ടയാടി പിടിക്കാറുണ്ട്.
മെലിഞ്ഞ ശരീര പ്രകൃതമാണ് നെടുഞ്ചെവിയൻ മൂങ്ങകൾക്ക്. മിക്ക ഇരപിടിയൻ പക്ഷികളെയും പോലെ ഇവയിലും ആൺ മൂങ്ങകളെ അപേക്ഷിച്ച് പെൺ നെടുംചെവിയൻ മൂങ്ങകൾക്ക് വലുപ്പം കൂടുതലാണ്. അത് പോലെ തന്നെ ആൺ പക്ഷികൾ വിളറിയ മങ്ങിയ നിറത്തിൽ കാണുമ്പോൾ പെൺ പക്ഷികൾ കൂടുതലും ഇരുണ്ട നിറത്തോടുകൂടിയവയാണ്. തീക്കട്ടപോലെ തിളങ്ങുന്ന ഓറഞ്ച് കണ്ണുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. സസ്തനികളെ പോലെ പുറംചെവി ഇല്ലാത്ത ഇവയുടെ ചെവിക്ക് മുകളിൽ നെടുങ്ങനെയുള്ള തൂവൽകൂട്ടമാണ് ഇവയുടെ പേരിന് ആധാരം. തലയുടെ രണ്ടു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെവിക്ക് മനുഷ്യരേക്കാൾ പത്തിരട്ടി ശ്രവണ ശേഷിയുണ്ട്.
മരങ്ങൾ തിങ്ങിയ കാടുകളിലാണ് വസിക്കുന്നതങ്കിലും തുറന്ന മൈതാനങ്ങളിലാണ് ഇവ ഇഷ്ട ഭക്ഷണമായ എലി കുടുംബത്തിൽപെട്ടവയെ പിടിക്കുന്നത്. സ്വയം കൂടുണ്ടാക്കാത്ത പക്ഷികളാണിവ. മറ്റു പക്ഷികളുടെ കൂട് കൈയേറി എടുക്കുകയാണ് പതിവ്. കാക്കവർഗത്തിൽപെട്ട പക്ഷികളുടെ കൂടുകളോടാണ് ഇവക്ക് പഥ്യം. ചുറ്റുപാടിനോട് ഇണങ്ങിയ തൂവൽകുപ്പായമുള്ള നെടുഞ്ചെവിയൻ മൂങ്ങ ഇടതൂർന്ന മരങ്ങളിൽ ചേക്കേറുന്നത് കാരണം ഒറ്റനോട്ടത്തിൽ കണ്ടെത്തുക പ്രയാസകരമാണ്. Asio otus എന്നാണ് ശാസ്ത്രീയ നാമം. നാലു ഉപവർഗങ്ങളിൽ ഉള്ള ഇവയുടെ അസിയോ ഓട്സ് ഓട്സ് എന്ന ഉപവർഗമാണ് കുവൈത്തിൽ കാണപ്പെടുന്നത്.
കുവൈത്തിൽ ഇവയെ വസന്തകാലത്തും ശരത്കാലത്തും ദേശാടന സമയത്തും കാണാം. ജഹ്റയിലെ ചേക്കേറാൻ പാകത്തിന് മരങ്ങളുള്ള ഫാമുകളിലാണ് ഇവയെ മിക്കപ്പോഴും കണ്ടെത്തിയിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു