ഡാഡി യാങ്കി എന്ന പേര് പരിചിതമല്ലാത്തവർക്ക് ‘ഡെസ്പാസിറ്റോ’ എന്ന പാട്ട് സുപരിചിതമായിരിക്കും. ടിക്ടോക് അടക്കമുള്ള സോഷ്യൽ മീഡിയ ഒരുകാലത്ത് അടക്കി വാണിരുന്ന പാട്ടാണ് ഡെസ്പാസിറ്റോ. ഈ പാട്ട് മൂളിനടക്കാത്തവർ ചുരുക്കമായിരിക്കും. ഇങ്ങനെ ഗാസൊലീന, ഡെസ്പാസിറ്റോ അടക്കമുള്ള കിടിലൻ ലാറ്റിനമേരിക്കൻ പാട്ടുകളിലൂടെ സംഗീതാസ്വാദകരെ കീഴടക്കിയ പ്യൂർട്ടോറിക്കൻ റാപ്പ് താരമാണ് ഡാഡി യാങ്കി
ആരാധകർക്ക് ഏറെ നിരാശയുണ്ടാക്കുന്ന വാർത്തയാണ് ഡാഡി യാങ്കി അടുത്തിടെ പുറത്തുവിട്ടത്. സംഗീതം ഉപേക്ഷിച്ച് തന്റെ ജീവിതം മതത്തിന് വേണ്ടി സമർപ്പിക്കുകയാണെന്ന് ഡാഡി യാങ്കി പ്രഖ്യാപിച്ചു. തന്റെ La Última Vuelta (Last Lap) എന്ന ലോകപര്യടനത്തിലെ അവസാന പെർഫോമൻസിന് ശേഷമാണ് ഡാഡി യാങ്കി തന്റെ സംഗീത ജീവിതത്തിന് തിരശീലയിട്ടത്. ‘ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് എന്തുകാര്യം’ എന്ന ബൈബിൾ വാചകം ചൊല്ലിക്കൊണ്ട് ഡാഡി യാങ്കി ഔദ്യോഗികമായി വിരമിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഒരു വിജയകരമായ ജീവിതം നയിക്കുന്നത് ഒരു ലക്ഷ്യത്തോടെയുള്ള ജീവിതത്തിന് തുല്യമാകില്ലെന്നും 46കാരനായ താരം ആരാധകരോട് പറഞ്ഞു. ഒരാൾക്കും നികത്താൻ കഴിയാത്ത ഒരു ശൂന്യത നികത്താൻ വളരെക്കാലമായി ശ്രമിക്കുകയാണ്, ആർക്കും സഹായിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ തന്റെ വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്നും ഡാഡി യാങ്കി പറഞ്ഞു. യേശു തന്നിൽ വസിക്കുന്നുവെന്നും ഞാൻ അവനുവേണ്ടി ജീവിക്കുമെന്നും ലോകത്തോട് പറയാൻ ലജ്ജയില്ലെന്നും ഡാഡി യാങ്കി കൂട്ടിച്ചേർത്തു.
നിറകണ്ണുകളോടെയായിരുന്നു പ്രഖ്യാപനം. സുവിശേഷത്തിലേക്ക് മടങ്ങിയ ഡാഡി യാങ്കി ഇനി റമോൺ അയാല റോഡ്രിഗൂസ് എന്ന യഥാർഥ പേരിലേക്കു മടങ്ങും. സാൻ ജുവാനിലെ തിങ്ങിനിറഞ്ഞ കൊളിസിയോ ഡി പ്യൂർട്ടോ റിക്കോയിൽ തന്റെ അവസാന ഷോ പൂർത്തിയാക്കിയ താരം ആരാധകർക്ക് നന്ദി പറഞ്ഞു. ഒപ്പം വഴിയും സത്യവും ജീവിതവും ആയ യേശുക്രിസ്തുവിനെ പിന്തുടരുക എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ഏകദേശം 1.8 കോടി ആൽബങ്ങൾ യാങ്കിയുടേതായി ലോകമെമ്പാടുമായി വിറ്റഴിക്കപെട്ടിട്ടുണ്ട്. ഡെസ്പാസിറ്റോ എന്ന ഗാനം ഡാഡി യാങ്കിയെ സ്പോട്ടിഫൈയിൽ ലോകമെമ്പാടുമായി ഏറ്റവുമധികം ആരാധകരുള്ള താരമാക്കി മാറ്റി. ഫാഷനും യുവസുന്ദരികളും ആഘോഷത്തിന്റെ തെരുവുപശ്ചാത്തലവുമായിരുന്നു ഡാഡി യാങ്കിയുടെ പാട്ടുകളിൽ കൂടുതലും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു