ഷാർജ : അവയവദാനം സംബന്ധിച്ച ആശങ്കകൾ അകറ്റുന്നതിനും അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ്പ് . ഡിസംബർ ഏഴിന് ഇത് സംബന്ധിച്ച പ്രചരണത്തിന്റെ ഭാഗമായി സ്ഥാപനത്തിൽ നിന്ന് ആയിരത്തി അറുനൂറ്റി അൻപതിൽ പരം വ്യക്തികൾ വോളണ്ടിയർമാരായി അണിചേർന്നു പ്രതിജ്ഞയെടുത്തു. യുഎഇ യിൽ നിന്ന് പകുതിയിലേറെ പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളിൽ നിന്ന് നിരവധി ആളുകളും ഈ പ്രതിജ്ഞയിൽ പങ്കുകൊണ്ട് സമ്മതപത്രം നൽകി. ഒപ്പം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂടുതൽ മികച്ച ആരോഗ്യ സംരക്ഷണവും അവയവദാനത്തിലൂടെ സ്ഥാപനം ലക്ഷ്യമിടുകയാണ് . പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള ജീവനക്കാരുടെ കുടുംബാംഗങ്ങളും ഈ ക്യാമ്പയിനിൽ ഭാഗമായിട്ടുണ്ട്. ഭാവിയിൽ ഏരീസ് ഗ്രൂപ്പിന്റെ ഒഴിവുകളിൽ 90% അവയവദാന പ്രതിജ്ഞ/പ്രചരണത്തെ അടിസ്ഥാനമാക്കി റിസർവ് ചെയ്യപ്പെടും. അത്തരം EQ സംബന്ധമായ പരിശ്രമങ്ങളെ ജീവനക്കാരുടെ എഫിഷ്യൻസി വർദ്ധിക്കുന്നതിന് വേണ്ടിയുള്ള ടൂൾ ആയ എഫിസത്തിലൂടെ പരിഗണിക്കപ്പെടുകയും ചെയ്യും.
സാമൂഹ്യ പ്രതിബദ്ധതാരംഗത്ത് ഇത് ഒരു പുതിയ മുതൽക്കൂട്ടാണെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സർ സോഹൻ റോയ് പറഞ്ഞു. ” ലോകത്ത്, നിലവിൽ ഈ രംഗത്ത് ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നൽകപ്പെടുന്ന ഏറ്റവും വലിയ സംഭാവനയാണ് ഇത്. യുഎയിൽ ഗ്രീൻ ലൈഫുമായി ചേർന്നാണ് ഇത് നടപ്പിലാക്കിയത്. യുഎ യിൽ ഇതിന്റെ പ്രചരണത്തിന് ഭരണകർത്താക്കളിൽ നിന്ന് ഔദ്യോഗിക അംഗീകാരം കരസ്ഥമാക്കിയ ഫാദർ ഡേവിസ് ചിറമേൽ ആണ് ഈ വിഷയത്തിൽ ഞങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത്. ഇത്തരത്തിൽ കൂടുതൽ ആളുകൾ മുന്നോട്ടുവരുന്നതിലൂടെ അവയവങ്ങളുടെ ലഭ്യത വർദ്ധിക്കുകയും വില കുറയുകയും ചെയ്യും. അവയവ മാഫിയയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയും കാലക്രമേണ അത്തരത്തിലുള്ള മാഫിയകൾ ഇല്ലാതാവുകയും ചെയ്യും.ഇത്തരത്തിലുള്ള ഒരു മഹത്തായ ലക്ഷ്യവും ഏരീസ് മുന്നോട്ട് വെക്കുന്നുണ്ട്.
ഏരീസ് ഗ്രൂപ്പിൽ നിന്ന് ഈ പ്രതിജ്ഞയിൽ പങ്കാളികളായ എല്ലാവർക്കും ജീവിതകാലത്ത് അവരുടെ അവയവങ്ങൾ സംരക്ഷിക്കുന്നതിനും അതിലൂടെ അവരുടെ ജീവിത ദൈർഘ്യം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ ലഭിക്കുന്നതാണ്.
പൊതുവേ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മെറ്റബോളിസം, ജലം , മലിനീകരണം (വായു ജലം, ശബ്ദം, റേഡിയേഷൻ എന്നിവയിലൂടെയുള്ള ), ദുശ്ശീലങ്ങൾ, മാനസിക സമ്മർദ്ദം, നിരന്തരം മരുന്നു ഉപയോഗം, അമിത വണ്ണം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഒരാളുടെ ആരോഗ്യാവസ്ഥയെയും അവയവാവസ്ഥയേയും നിർണയിക്കുന്നത്. ഇവ ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിനും അതിലൂടെ ജീവിത ദൈർഘ്യം വർദ്ധിപ്പിക്കുന്നതിനും പരമാവധി സഹായവും സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കും ” സോഹൻ റോയ് അറിയിച്ചു.
അവയവദാനത്തിൽ പങ്കാളികളാകുന്നതിലൂടെ ജീവനക്കാരുടെ ശരീരം മികച്ച രീതിയിൽ പരിചരിക്കുന്നതിന് ആവശ്യമായിട്ടുള്ള നിർദ്ദേശങ്ങൾ സ്ഥാപനത്തിൽ നിന്ന് നൽകും .ഇത്തരമൊരു പ്രതിജ്ഞ എടുത്തതിലൂടെ ഏറ്റവും മികച്ച ഗുണം ലഭിക്കുന്നത് ഓരോ ജീവനക്കാർക്കും തന്നെയാണ് , കാരണം ഇതിലൂടെ അവരുടെ ജീവിത ദൈർഘ്യം വർദ്ധിക്കുന്നു .
സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയിൽ ആഗോളതലത്തിലെ മുൻനിരക്കാരായ ഏരീസ് ഗ്രൂപ്പിന് അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവുമുണ്ട്. 25 ഓളം രാജ്യങ്ങളിൽ അറുപതിലേറെ കമ്പനികളടങ്ങുന്ന ഒരു വിശാല സാമ്രാജ്യം തന്നെ ഷാർജ ആസ്ഥാനമായ ഈ ഗ്രൂപ്പിന് ഉണ്ട് . ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കിയതിലും സ്ഥാപനം മുന്നിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു