ദോഹ: മനുഷ്യ മഹത്ത്വമുയർത്തിപ്പിടിക്കാനും സൗഹൃദത്തിലൂടെ മാനവിക ഐക്യം ശക്തിപ്പെടുത്താനും സി.ഐ.സി അൽ ഖോർ സോൺ സംഘടിപ്പിച്ച സ്നേഹസംഗമം ആഹ്വാനം ചെയ്തു.
സൗഹാർദ സന്ദേശമുയർത്തിപ്പിടിച്ച് സംഘടിപ്പിച്ച സ്നേഹസംഗമം ബർവ മൾട്ടി പർപ്പസ് ഹാളിൽ സി.ഐ.സി ഖത്തർ പ്രസിഡന്റ് ടി.കെ. ഖാസിം ഉദ്ഘാടനം ചെയ്തു. ജാതി മത വർഗ ഭേദമന്യേ മനുഷ്യരെന്ന നിലക്ക് ഒന്നിച്ചുനിൽക്കാനും ബഹുസ്വര സമൂഹത്തിന്റെ ഭാഗമെന്ന നിലക്ക് വൈവിധ്യങ്ങളെ ആദരിക്കാനും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.ഐ.സി അൽഖോർ മേഖല പ്രസിഡന്റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കോളമിസ്റ്റും എഴുത്തുകാരനുമായ ഡോ. താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. സ്നേഹസൗഹൃദങ്ങളെ ജീവിത സംസ്കാരമാക്കുന്നതിലൂടെ നഷ്ടമാകുന്നു എന്ന് നാം ഭയക്കുന്ന സാമൂഹികാരോഗ്യത്തെ നിലനിർത്താനും ശക്തിപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കൾച്ചറൽ സെന്റർ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ, ഇൻകാസ് ഖത്തർ പ്രതിനിധി ജയപാൽ, സംസ്കൃതി അൽഖോർ പ്രതിനിധി സുഭാഷ് കുര്യൻ എന്നിവർ സംസാരിച്ചു.
നാല് പതിറ്റാണ്ടായി അൽ ഖോറിൽ കഴിയുന്ന മലയാളി പ്രവാസികളെ ആദരിച്ച ചടങ്ങിൽ, റഷീദ് കെ. മുഹമ്മദിന്റെ നോവൽ ‘നോക്കിയാൽ കാണാത്ത ആകാശം’ പ്രകാശനം ചെയ്തു. സ്നേഹസംഗമത്തിന്റെ ഭാഗമായി നടന്ന കലാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ഓസ്കാർ ക്രിക്കറ്റ് ക്ലബിന്റെ ജഴ്സി പ്രകാശനവും നിർവഹിച്ചു. ജംഷീദ് ഇബ്രാഹിം സ്വാഗതവും ലബീബ് അഹമ്മദ് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു