ദോഹ: ഖത്തർ മൂന്നാമതും എ.എഫ്.സി ഏഷ്യൻ കപ്പിന് ആതിഥ്യമരുളാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അക്ഷമയോടെ കാത്തിരിക്കുന്ന ഒരാളുണ്ട്. രണ്ടു തവണ ഖത്തറിനുവേണ്ടി ഏഷ്യൻ കപ്പിൽ ബൂട്ടുകെട്ടിയ ഇതിഹാസ താരം ഖാലിദ് സൽമാൻ.
1984ലും 1988ലും അറ്റാക്കിങ് മിഡ്ഫീൽഡറായി ഖത്തറിനുവേണ്ടി തിളങ്ങിയ ഖാലിദ് സൽമാന്, അടുത്ത ഏഷ്യൻ കപ്പ് താരങ്ങൾക്കും കാണികൾക്കും എത്രത്തോളം പ്രധാനമാണെന്ന് നന്നായറിയാം. അൽ അന്നാബിക്കൊപ്പം ഖാലിദ് സൽമാൻ കിരീടമുയർത്തിയില്ലെങ്കിലും ബൂട്ടുകെട്ടിയ രണ്ട് വൻകര ചാമ്പ്യൻഷിപ്പുകളും അദ്ദേഹത്തിന്റെ ഫുട്ബാൾ കരിയറിലെ സുപ്രധാന നാഴികക്കല്ലായിരുന്നു.
‘‘ഏഷ്യൻ കപ്പിൽ കളിക്കുകയെന്നത് ഓരോ താരത്തിനും അഭിമാനകരമായ നിമിഷമാണ്. ഭൂഖണ്ഡത്തിലെ ഏറ്റവും വലുതും മികച്ചതുമായ ടീമുകളാണ് അതിൽ പങ്കെടുക്കുക. ചരിത്രത്തിൽ തങ്ങളുടെ പേര് രേഖപ്പെടുത്താനും ലക്ഷക്കണക്കിനാളുകൾക്ക് സന്തോഷം നൽകാനുമുള്ള അവസരമാകുമിത്’’ -ഖാലിദ് സൽമാൻ പറയുന്നു. രണ്ടു ടൂർണമെന്റുകളിൽ നിന്നായി മൂന്നു ഗോൾ നേടിയ ഖാലിദ് സൽമാൻ ഏഷ്യൻ കപ്പിന് വേദിയൊരുക്കാൻ ഖത്തർ കാത്തിരിക്കുമ്പോൾ ടൂർണമെന്റിന്റെ അംബാസഡർ പദവിയിലാണ്. കഴിഞ്ഞ ദിവസം മിഷൈരിബിൽ നടന്ന ഭാഗ്യചിഹ്നം പുറത്തിറക്കൽ ചടങ്ങിലും മുഖ്യ താരമായെത്തിയ ഖാലിദ് സൽമാന് പറയാൻ ഏറെയുണ്ടായിരുന്നതും ഏഷ്യൻ കപ്പിലെ ഖത്തറിന്റെ ശ്രദ്ധേയമായ പ്രകടനങ്ങളെ കുറിച്ചു തന്നെ.
കഴിഞ്ഞ ടൂർണമെന്റിലെ ഖത്തറിന്റെ നേട്ടം ഇനി ആവർത്തിക്കില്ലെന്ന് പലരും പറയുമെങ്കിലും താരങ്ങൾ ഒരേ മനസ്സോടെ പോരിനിറങ്ങിയാൽ ഒരിക്കൽക്കൂടി ആ കിരീടത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ മുത്തമിടാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ചാമ്പ്യൻഷിപ്പിലെ ടോപ്സ്കോറർ, മികച്ച ഗോൾകീപ്പർ, മികച്ച താരം എന്നിവ നമ്മുടെ താരങ്ങൾക്ക് ലഭിച്ചത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം വിശദീകരിച്ചു.
2022ലെ ഖത്തർ ലോകകപ്പിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. ‘‘ലോകത്തിന് വാഗ്ദാനം ചെയ്തത് സാക്ഷാത്കരിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനായിരുന്നു ഖത്തർ വേദിയായത്. ആളുകളെ ഒരുമിപ്പിക്കാനും അവർക്കിടയിലെ ഭിന്നതകൾ പൊളിച്ചെഴുതാനുമുള്ള ടൂർണമെന്റിന്റെ കഴിവ് സമാനതകളില്ലാത്തതായിരുന്നു. വലിയ കായിക മത്സരങ്ങൾക്ക് വേദിയാകാനുള്ള കഴിവ് പ്രകടിപ്പിക്കാനുള്ള മറ്റൊരവസരം കൂടിയായിരിക്കും ഏഷ്യൻ കപ്പ്’’ -അദ്ദേഹം പറഞ്ഞു.
‘ഇപ്പോഴും കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുകയാണ്. ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ് സ്വന്തം നാട്ടുകാർക്കു മുന്നിൽ മൈതാനത്ത് ഇറങ്ങാനും പന്തുതട്ടാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. എന്നാൽ, അതിന് പകരം സഹപ്രവർത്തകർക്കൊപ്പം സ്റ്റാൻഡിൽ എത്തുകയും ടീമിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റിനായിരിക്കും ഖത്തർ വേദിയാകുകയെന്ന് ഉറപ്പു നൽകുന്നു’’ -ഖാലിദ് സൽമാൻ പറഞ്ഞു. ഏഷ്യൻ കപ്പ് ഖത്തർ 2023 കഴിഞ്ഞ വർഷം സമാപിച്ച ഫിഫ ലോകകപ്പിന്റെ ഏഴ് സ്റ്റേഡിയങ്ങളുൾപ്പെടെ ഒമ്പതു വേദികളിലായാണ് നടക്കുക. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഒരു വർഷം പിന്നിടുന്ന അവസരത്തിൽ വൻകരയുടെ ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് ഖാലിദ് സൽമാൻ ടൂർണമെന്റിനായി കാത്തിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു