ദോഹ: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സർക്കാരിതര പുനരധിവാസ കേന്ദ്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ സാമൂഹിക നീതി വകുപ്പ് പുരസ്കാരം നേടിയ നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ (നിയാർക്) നേട്ടം ആഘോഷിച്ച് നിയാർക് ഖത്തർ ചാപ്റ്റർ.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി പുനരധിവാസ സ്ഥാപനമാണ് നിയാർക്. സമൂഹത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പരിചരണവും പിന്തുണയും, പുനരധിവാസവും നൽകാനുള്ള ‘നിയാർകി’ന്റെ പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് നേട്ടമെന്ന് ആഘോഷ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പി.എം.എ ഗഫൂർ അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാരുടെ ജീവിതത്തെ ശാക്തീകരിക്കുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിനുമുള്ള ‘നിയാർകി’ന്റെ പദ്ധതികളുടെ ഭാഗമായി എല്ലാ വിദേശ ചാപ്റ്ററുകളിലും ആസ്ഥാനങ്ങളിലും 100 ദിവസത്തെ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചതായി ഗ്ലോബൽ ചെയർമാനും വെൽകെയർ ഫാർമസി മാനേജിങ് ഡയറക്ടറുമായ അഷ്റഫ് കെ.പി അറിയിച്ചു. ഗ്ലോബൽ വൈസ് ചെയർമാൻ ഹമീദ് എം.ടി, ഖത്തർ ചാപ്റ്റർ ആക്ടിങ് ചെയർമാൻ ഖാലിദ് സി.പി, ജനറൽ സെക്രട്ടറി ഷാനഹാസ് എടോടി, മുസ്തഫ ഈണം, റാസിക് കെ.വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
100 ദിന ആഘോഷങ്ങളുടെ ഭാഗമായി, ഖത്തർ നിയാർക് ചാപ്റ്റർ ഡിസംബർ എട്ടിന് ഐ.ഐ.സി.സി കാഞ്ഞാണി ഹാളിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. വൈകീട്ട് 6.30 ന് നടക്കുന്ന പരിപാടിയിൽ നെസ്റ്റ് സ്ഥാപകാംഗവും ജനറൽ സെക്രട്ടറിയുമായ യൂനുസ് പങ്കെടുക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങളും അരങ്ങേറുമെന്നും പ്രോഗ്രാം കൺവീനർ ഈണം മുസ്തഫ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു