ദോഹ: നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ഭൂമിയുടെ കഥകൾ അറിയാൻ താൽപര്യമുണ്ടോ..? എങ്കിൽ സുവർണാവസരം തുറന്നു കാത്തിരിക്കുകയാണ് ഖത്തർ മ്യൂസിയം അധികൃതർ. ചരിത്രശേഷിപ്പുകൾ തേടി പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തിൽ ഉത്ഖനനം തുടരുന്ന ഐൻ മുഹമ്മദ് ഹെറിറ്റേജ് വില്ലേജ് സന്ദർശിക്കാനാണ് ഈ അവസരം. ആദ്യകാല ഇസ്ലാമിക സംസ്കാരത്തിന്റെ ശേഷിപ്പുകളെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കുകയാണ് ഇവിടെ.
‘ലാൻഡ്സ്കേപ് ഓഫ് ഫെയ്ത്ത്’ പദ്ധതിയുടെ രണ്ടാം സീസണിന്റെ ഭാഗമായി ഐൻ മുഹമ്മദിലും മെസൈക്കയിലും നടന്നുകൊണ്ടിരിക്കുന്ന ഉത്ഖനനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളും മറ്റും കാണാനും മനസ്സിലാക്കാനുമാണ് ഖത്തർ മ്യൂസിയം ക്ഷണിക്കുന്നത്. ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെ ഏറെ പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങൾ ഖത്തറിൽ സ്ഥിതി ചെയ്യുന്നതായാണ് ഗവേഷകരുടെ നിരീക്ഷണം. അതിൽ കൂടുതലും വടക്കൻ മരുഭൂ പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്നവയാണ്. മധ്യ, ദക്ഷിണ ഖത്തറിലെ പ്രദേശങ്ങളിലും ചില സ്ഥലങ്ങൾ ഇസ് ലാമിന്റെ ആദ്യകാലവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ 30 സ്ഥലങ്ങൾ ഗവേഷകർ തിരിച്ചറിഞ്ഞതാണ്. പര്യവേക്ഷണം നടക്കുന്ന മേഖലയിൽ പൊതുജനങ്ങൾക്കായി രണ്ട് ദിവസമാണ് അധികൃതർ തുറന്നിടുന്നത്.
കണ്ടെത്തലുകൾ ഡോ. റോബർട്ട് കാർട്ടർ പരിശോധിക്കുന്നു
പുതുതായി കണ്ടെത്തിയ ഘടനകളും പുരാവസ്തുക്കളും അവിടെ പ്രദർശിപ്പിക്കുമെന്നും ഈ അതുല്യമായ അവസരം പ്രദേശത്തെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും തുടർന്നു കൊണ്ടിരിക്കുന്ന കണ്ടെത്തലുകളെക്കുറിച്ചും ചരിത്രകുതുകികൾക്ക് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുമെന്ന് ഖത്തർ മ്യൂസിയത്തിൽ നിന്നുള്ള പദ്ധതി മേധാവിയായ ഡോ.റോബർട്ട് കാർട്ടർ പറഞ്ഞു.
വിശ്വാസത്തിന്റെ ഭൂപ്രകൃതി അഥവാ ലാൻഡ്സ്കേപ് ഓഫ് ഫെയ്ത്ത് ഖത്തറിന്റെ പുരാവസ്തു പാരമ്പര്യത്തെയും പൈതൃകത്തെയും ബന്ധപ്പെട്ടുള്ള സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ്. പ്രദേശത്തെ ആദിമ മനുഷ്യരുടെ ജീവിതശൈലി മനസ്സിലാക്കാനും, കഠിനമായ ഖത്തരി മരുഭൂമിയിലെ ജീവിതം, സാമ്പത്തിക ക്രയവിക്രയങ്ങൾ, പുറം ലോകവുമായുള്ള ബന്ധം, പ്രതിരോധം എന്നിവയിലേക്കുള്ള പര്യവേക്ഷണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഡിസംബർ രണ്ടിനായിരുന്നു ഇവിടെ ആദ്യ സന്ദർശനം അനുവദിച്ചത്. രണ്ടാം ഘട്ട സന്ദർശനം ഡിസംബർ ഒമ്പതിനാണ് അനുവദിക്കുന്നത്. രാവിലെ ഒമ്പത് മുതൽ 12 വരെയാണ് സന്ദർശന സമയം. സൗജന്യമാണ് പ്രവേശനമെങ്കിലും നേരത്തേ രജിസ്റ്റർ ചെയ്തവർക്കാണ് അനുവാദം നൽകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു