ദോഹ: ഗസ്സയുടെ കണ്ണീരൊപ്പുന്ന നയതന്ത്ര, മാനുഷിക ദൗത്യങ്ങൾക്കിടയിൽ യുക്രെയ്നിലെ കുരുന്നുകൾക്കും ആശ്വാസമായി ഖത്തറിന്റെ ഇടപെടൽ. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ റഷ്യയിൽ കുടുങ്ങിയ ആറ് യുക്രെയ്ൻ കുട്ടികളെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ദിവസം സുരക്ഷിതമായി കുടുംബങ്ങളിലേക്ക് തിരികെയെത്തിച്ചത്.
മോസ്കോയിലെ ഖത്തർ എംബസി വഴിയായിരുന്നു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ പുന:സമാഗമം സാധ്യമായത്. എംബസിയിൽ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ചേർന്ന കുട്ടികൾ ബെലാറുസ് വഴി യുക്രെയ്നിലേക്ക് തിരിച്ചു. യുദ്ധം ആരംഭിച്ചതിനു പിന്നാലെ, വിവിധ കാരണങ്ങളാൽ മാതാപിതാക്കളിൽ നിന്നും വേർപിരിഞ്ഞ ആയിരത്തോളം കുട്ടികൾ റഷ്യയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
ഇവരിൽ ചിലർ റഷ്യയിലെ ബന്ധുക്കൾക്കൊപ്പവുമാണ്. യുദ്ധം മുറുകി, അതിർത്തി അടച്ച്, നയതന്ത്ര ബന്ധവും ഉലഞ്ഞതോടെ ഒന്നര വർഷത്തിലേറെയായി ഈ കുട്ടികളുടെ തിരിച്ചുപോക്ക് പ്രതിസന്ധിയിലായിരുന്നു. അതിനൊടുവിലാണ്, ഖത്തർ ഉൾപ്പെടെ അന്താരാഷ്ട്ര മധ്യസ്ഥ ശ്രമം ആരംഭിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ ആദ്യത്തിലും ഖത്തറിന്റെ ഇടപെടലിൽ ഒരു സംഘം യുക്രെയ്ൻ കുട്ടികൾ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നു.
റഷ്യയുടെയും യൂക്രെയ്ന്റെയും അഭ്യർഥനയെ തുടർന്നുള്ള മാനുഷിക ഇടപെടലായാണ് കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെട്ട കുട്ടികൾക്ക് മാതാപിതാക്കളിലേക്ക് തിരികെയെത്തിക്കാൻ അവസരമൊരുക്കുന്നതെന്ന് ഖത്തർ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു