മനാമ: ഇന്ത്യൻ സ്കൂളിൽ യുനൈറ്റഡ് പാരന്റ്സ് പാനൽ അധികാരത്തിലെത്തിയാൽ നൂറു ദിവസങ്ങൾക്കുള്ളിൽ സമഗ്ര വികസന പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദ്യത്തെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ആദ്യ അജണ്ട ഫീസ് കുറക്കുന്നതിനെ കുറിച്ചുള്ള ചർച്ചയായിരിക്കും.
നൂറു ദിവസത്തിനുള്ളിൽ ടോയ്ലറ്റുകൾ ശുചിത്വമുള്ളതാക്കുന്നതിന് തുടക്കം കുറിക്കും. സുതാര്യമായതും പുതിയ ആപ് സംവിധാനത്തോടെയുമുള്ള ഗതാഗത സംവിധാനങ്ങൾക്ക് തുടക്കമിടും. ക്ലാസ് മുറികളിലെയും ബസുകളിലെയും എയർകണ്ടീഷനുകളുടെ പ്രവർത്തനം തികച്ചും കാര്യക്ഷമയുള്ളതാക്കും, റിഫ കാമ്പസിലും ഇസാ ടൗൺ കാമ്പസിലും സ്മാർട്ട് ക്ലാസുകൾക്ക് തുടക്കമിടും, പുതിയ അഡ്മിഷന് ഏകജാലക സംവിധാനം കൊണ്ടുവന്ന് ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും, വിദ്യാഭ്യാസ നിലവാരവും അച്ചടക്ക നിലവാരവും ഉയർത്താനുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിക്കും, അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പഠന വിഷയങ്ങളിലുൾപ്പെടാത്ത ജോലിഭാരം കുറക്കും തുടങ്ങിയ കാര്യങ്ങൾ ആദ്യ നൂറുദിവസത്തിനുള്ളിൽ നടപ്പാക്കും.
ഫീസ് അടക്കാൻ കഴിയാതെ വന്നതിന്റെ പേരിൽ വോട്ടുചെയ്യാൻ രക്ഷിതാക്കളെ അനുവദിക്കില്ലെന്ന തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും അത് തിരുത്തണമെന്നും യു.പി.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫിസർമാർക്ക് പരാതി നൽകിയെന്നും നീതിപൂർവമായ തീരുമാനം പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ സ്ഥാനാർഥികളായ ബിജു ജോർജ്, ഹരീഷ് നായർ, അബ്ദുൽ മൻഷീർ, ജാവേദ് ടി.സി.എ, യു.പി.പി നേതാക്കളായ എഫ്.എം. ഫൈസൽ,ജ്യോതിഷ് പണിക്കർ എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു