മനാമ: ഊർജകാര്യക്ഷമത വർധിപ്പിക്കുന്നതിനും വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ) പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ് അറിയിച്ചു.
കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിനുള്ള പ്രവർത്തന പദ്ധതിയായ ‘ബ്ലൂപ്രിൻറ് ബഹ്റൈൻ’ ഹമദ് രാജാവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇ.ഡബ്ല്യു.എയുടെ തീരുമാനം. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ദേശീയ ഊർജനയത്തിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. സർക്കാർ കെട്ടിടങ്ങളിലെ ഊർജ ഉപഭോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി എനർജി സർവിസ് കമ്പനികളുമായി സഹകരിച്ച് ഇ.ഡബ്ല്യു.എ ‘കഫ’ പരിപാടി ആരംഭിക്കും. ഏകദേശം 975 ജിഗാവാട്ട് വൈദ്യുതി ഉപഭോഗം കുറക്കാനാണ് ‘കഫ’ ലക്ഷ്യമിടുന്നത്. 2040ഓടെ ഏകദേശം 4,88,000 ടൺ കാർബൺ പുറന്തള്ളലും കുറക്കാനാകും. തിരക്കേറിയ സമയങ്ങളിൽ ഊർജ ഉപഭോഗം കുറക്കുന്നതിനും ‘കഫ’ പ്രോഗ്രാം സഹായിക്കും. ഇത് ഉൽപാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ലഘൂകരിക്കും.
ഊർജകാര്യക്ഷമതയെക്കുറിച്ച് അവബോധം വളർത്തുമെന്നും ഇ.ഡബ്ല്യു.എ പ്രസിഡന്റ് പറഞ്ഞു. തിരഞ്ഞെടുത്ത കെട്ടിടങ്ങളുടെ ഊർജ ഉപഭോഗം ഓഡിറ്റ് ചെയ്യും. കഴിഞ്ഞ വർഷം എനർജി സർവിസ് കമ്പനികളുടെ സഹകരണത്തോടെ നാലു സർക്കാർ കെട്ടിടങ്ങളുടെ ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പൈലറ്റ് പ്രോജക്ട് ഇ.ഡബ്ല്യു.എ പൂർത്തിയാക്കിയിരുന്നു. ഇതിലൂടെ പ്രതിവർഷം ഊർജ ഉപഭോഗം 41 ശതമാനം കുറക്കാനായി. ബിൽ തുക 39 ശതമാനം കുറഞ്ഞു. കാർബൺ പുറന്തള്ളലും 5430 ടൺ കുറഞ്ഞതായി ഫലങ്ങൾ കാണിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു