മനാമ: ലുലു ഗ്രൂപ് ഗസ്സയിലെ ജനങ്ങൾക്ക് സഹായമായി ദുരിതാശ്വാസസാമഗ്രികൾ അയച്ചു. 50 ടൺ ഭക്ഷ്യോൽപന്നങ്ങളും മരുന്നുകളും ശുചിത്വ ഉൽപന്നങ്ങളും ഉൾപ്പെടെ അവശ്യവസ്തുക്കളടങ്ങിയ ആദ്യ ബാച്ച് സഹായം കൈറോയിലെ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതർക്ക് കൈമാറി.
ലുലു ഈജിപ്ത് ആൻഡ് ബഹ്റൈൻ ഡയറക്ടർ ജുസർ രൂപവാല, റീജനൽ ഡയറക്ടർ ഹുസേഫ ഖുറൈശി, ലുലു ഈജിപ്ത് മാർക്കറ്റിങ് മാനേജർ ഹാതിം സയീദ് എന്നിവരിൽനിന്ന് ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റാമി എൽ. നാസർ സഹായം ഏറ്റുവാങ്ങി. റെഡ് ക്രസന്റ് അധികൃതർ ഈ സാധനങ്ങൾ അൽ റഫ അതിർത്തി വഴി അരിഷ് നഗരത്തിൽ എത്തിക്കും.
റാമി എൽ നാസർ ഈ സംരംഭത്തെ സ്വാഗതംചെയ്യുകയും ഫലസ്തീനിലെ ജനങ്ങൾക്ക് ഈ സമയോചിതമായ പിന്തുണ നൽകിയതിന് ലുലു ഗ്രൂപ്പിനോടും ചെയർമാൻ എം.എ. യൂസുഫലിയോടും നന്ദി അറിയിക്കുകയും ചെയ്തു. വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ പ്രത്യേക ഗസ്സ സഹായകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ബഹ്റൈൻ ദേശീയ കാമ്പെയിനിനെ പിന്തുണച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് 25,000 ദീനാർ ലുലു ഗ്രൂപ് സംഭാവന നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു