ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച സിഫ് ഈസ്റ്റ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റ് ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച നടക്കും. ജിദ്ദ കിങ് അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും ഈസ്റ്റേൺ ഗ്രൂപ്പ് സി.ഇ.ഒയുമായ നവാസ് മീരാൻ, നടൻ സിദ്ദിഖ് എന്നിവർ മുഖ്യാതിഥികളാകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ എ, ബി, ഡി ഡിവിഷനുകളുടെ മൂന്ന് ഫൈനൽ മത്സരവും നടക്കും.
എ ഡിവിഷനിൽ പ്രിന്റെക്സ് റിയൽ കേരള എഫ്.സി, പവർ ഹൗസ് മഹ്ജർ എഫ്.സിയെ നേരിടും. ബി ഡിവിഷനിൽ സൈക്ലോൺ ഐ.ടി സോക്കർ എഫ്.സി, അനലിസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടും. ഡി ഡിവിഷനിൽ ബദർ അൽ തമാം ടാലന്റ് ടീൻസ് അക്കാദമി, സ്പോർട്ടിങ് യുനൈറ്റഡ് അക്കാദമിയുമായി മാറ്റുരക്കും. കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം എഫ്.സി, മുൻ സന്തോഷ് ട്രോഫി താരങ്ങൾ എന്നിവർ വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിയും.
ജിദ്ദ വസീരിയയിലെ അൽ തആവൂൻ സ്റ്റേഡിയത്തിൽ നടന്നുവന്നിരുന്ന ടൂർണമെന്റിന്റെ ഗ്രാൻഡ് ഫിനാലെ കൂടുതൽ സൗകര്യമുള്ള കിങ് അബ്ദുൽ അസീസ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക. 7,500 ആളുകൾക്ക് ഗാലറിയിൽ ഇരുന്ന് കളി കാണാനുള്ള സൗകര്യം ഉണ്ടാകും. ടൂർണമെന്റിൽ വിജയികളാവുന്നവർക്ക് ട്രോഫികൾക്ക് പുറമെ എ ഡിവിഷനിൽ വിന്നേഴ്‌സിന് 10,000 റിയാൽ, റണ്ണേഴ്‌സ് 5,000 റിയാൽ, ബി ഡിവിഷനിൽ വിന്നേഴ്‌സിന് 6,000 റിയാൽ, റണ്ണേഴ്‌സ് 3,000 റിയാൽ, ഡി ഡിവിഷനിൽ വിന്നേഴ്‌സിന് 2,000 റിയാൽ, റണ്ണേഴ്‌സ് 1,000 റിയാൽ എന്നിങ്ങനെ കാഷ് അവാർഡ് സമ്മാനിക്കും.
വാർത്ത സമ്മേളനത്തിൽ സിഫ് ഭാരവാഹികളായ ബേബി നീലാംബ്ര, നിസാം മമ്പാട്, സലീം മമ്പാട്, അയൂബ് മുസ്‌ലിയാരകത്ത്, യാസിർ അറഫാത്ത്, അൻവർ വല്ലാഞ്ചിറ, നാസർ ശാന്തപുരം എന്നിവർ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു