ദുബൈ: കോപ് 28 വേദിയിൽ അന്താരാഷ്ട്ര ബഹിരാകാശ ഏജൻസി മേധാവികളുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. യു.എ.ഇ ബഹിരാകാശ ഏജൻസി സംഘടിപ്പിച്ച ‘സ്പേസ് ലീഡേഴ്സ് ഫോർ ക്ലൈമറ്റ് സമ്മിറ്റ്’ എന്ന സമ്മേളനത്തിന് പിന്നാലെയാണ് വിവിധ രാജ്യങ്ങളുടെ ബഹിരാകാശ മേധാവികളുമായി കൂടിക്കാഴ്ച നടന്നത്.
പരിസ്ഥിതി വെല്ലുവിളികൾ നേരിടുന്നതിന് ബഹിരാകാശ മേഖലയുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു ബഹിരാകാശ കേന്ദ്രം പരിപാടി സംഘടിപ്പിച്ചത്. ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെ നേരിടുന്നിടത്ത് അന്താരാഷ്ട്ര സഹകരണത്തിൽ വിശ്വസിച്ചുകൊണ്ട് ഗൗരവത്തോടെ മുന്നോട്ടുപോകുകയെന്നതാണ് യു.എ.ഇയുടെ നിലപാടെന്ന് ശൈഖ് മുഹമ്മദ് പിന്നീട് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.ബഹിരാകാശ ഏജൻസികളുടെ സമ്മേളനം ആദ്യമായാണ് കാലാവസ്ഥ ഉച്ചകോടിയിൽ ഇടംപിടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾക്ക് നൂതനവും സംയോജിതവുമായ പരിഹാരങ്ങൾ ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയും യു.എ.ഇ ബഹിരാകാശ ഏജൻസി ചെയർപേഴ്സനുമായ സാറ അൽ അമീരി ചടങ്ങിൽ പറഞ്ഞു.
വരും തലമുറകളുടെ ഭാവി സംരക്ഷിക്കുന്നതിനായി ഒരു ഏകീകൃത ആഗോള സമൂഹമെന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരമാണ് ഉച്ചകോടിയെന്നും അൽ അമീരി കൂട്ടിച്ചേർത്തു. യൂറോപ്യൻ സ്പേസ് ഏജൻസി, സൗദി ബഹിരാകാശ ഏജൻസി, ബഹ്റൈൻ നാഷനൽ സ്പേസ് സയൻസ് ഏജൻസി തുടങ്ങിയവയുടെ മേധാവികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. യു.എ.ഇ ബഹിരാകാശ യാത്രികരായ സുൽത്താൻ അൽ നിയാദി, ഹസ്സ അൽ മൻസൂരി എന്നിവരും ചർച്ചയിൽ പങ്കാളികളായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു