ദുബൈ: ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന പ്ലാന്റ് ഷാർജയിൽ നിർമിക്കും. ഷാർജ ആസ്ഥാനമായുള്ള ബീഅയാണ് പ്ലാന്റ് നിർമിക്കുന്നത് സംബന്ധിച്ച കരാറിൽ കോപ് 28 വേദിയിൽ ഒപ്പുവെച്ചത്.
‘വേസ്റ്റ്-ടു-ഹൈഡ്രജൻ ഡെമോൺസ്ട്രേഷൻ പ്ലാന്റ്’ നിർമിക്കുന്നതിന് ഷിനൂക്ക് ഹൈഡ്രജൻ, എയർ വാട്ടർ ഗ്യാസ് സൊല്യൂഷൻസ്, എയർ വാട്ടർ ഐ.എൻ.സി എന്നീ കമ്പനികളുമായാണ് ബീഅ സംയുക്ത കരാറിലെത്തിയത്. കോപ് 28 വേദിയിലെ യു.എ.ഇ പവിലിയനിലാണ് കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. മുനിസിപ്പൽ ഖരമാലിന്യം, പുനരുപയോഗം ചെയ്യാത്ത പ്ലാസ്റ്റിക്കുകൾ, തടിമാലിന്യം എന്നിവയുൾപ്പെടെ വിവിധ ജൈവാധിഷ്ഠിത മാലിന്യങ്ങളെ സൂപ്പർ ഗ്രീൻ ഹൈഡ്രജനാക്കി മാറ്റുന്നതാണ് പദ്ധതി.
പ്ലാന്റിന്റെ ആരംഭത്തോടെ മാലിന്യത്തിന്റെയും കാർബൺ പുറന്തള്ളലിന്റെയും വെല്ലുവിളി നേരിടാനുള്ള ഒരു പരിഹാരത്തിനാണ് തുടക്കമിടുന്നതെന്ന് ബീഅ ഗ്രൂപ് സി.ഇ.ഒ ഖാലിദ് അൽ ഹുറൈമിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഇത് നടപ്പിലാക്കാൻ കഴിയുമെന്നും സാമ്പത്തികമായും പാരിസ്ഥിതികമായും ആകർഷകമായതും എളുപ്പത്തിൽ സ്വീകരിക്കാവുന്ന രീതിയുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 14 ലക്ഷം ടൺ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയെന്ന യു.എ.ഇ നാഷനൽ ഹൈഡ്രജൻ സ്ട്രാറ്റജി 2050യുടെ ലക്ഷ്യത്തിന് സഹായിക്കുന്ന പ്ലാന്റ് വഴി 2031ഓടെ ലോകത്തെ പ്രധാന ഹൈഡ്രജൻ ഹബ്ബുകളിലൊന്നായി യു.എ.ഇയെ പരിവർത്തിപ്പിക്കാനും സഹായിക്കുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു