ദുബൈ: 250 കോടി ദിർഹം മൂല്യമുള്ള 10 പദ്ധതികൾ ഉൾക്കൊള്ളുന്ന ‘പൊതു-സ്വകാര്യ പങ്കാളിത്ത പോർട്ട് ഫോളിയോ (2024-2026)ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അംഗീകാരം നൽകി. പറക്കും ടാക്സി മുതൽ സ്മാർട് തെരുവുവിളക്കുകൾവരെ 10 പദ്ധതികൾക്കാണ് അംഗീകാരമായത്. അടിസ്ഥാന സൗകര്യ വികസനത്തിലും സേവനങ്ങളിലും സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിച്ച് എമിറേറ്റിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് നീക്കം. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വർധിപ്പിക്കാനും മികച്ച അന്താരാഷ്ട്ര രീതികൾ സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പൊതു-സ്വകാര്യ പങ്കാളിത്ത പോർട്ട് ഫോളിയോക്ക് അംഗീകാരം നൽകിയതെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
‘യൂനിയൻ 71’ എന്നുപേരിട്ട ദുബൈ മെട്രോയുടെ യൂനിയൻ സ്റ്റേഷനോട് ചേർന്ന് സമഗ്രമായ പാർപ്പിട, വാണിജ്യ സമുച്ചയം പുതിയ പദ്ധതിയിൽ പ്രധാനപ്പെട്ടതാണ്. മെട്രോ സ്റ്റേഷനുമായി വാണിജ്യ റെസിഡൻഷ്യൽ യൂനിറ്റുകളും റീട്ടെയിൽ ഔട്ട്ലെറ്റുകളും സമന്വയിപ്പിക്കുന്ന പദ്ധതിയാണിത്. മെട്രോ, പബ്ലിക് ബസ്, മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ എന്നിവയുടെ സാമീപ്യമുള്ളതിനാൽ യാത്ര സുഗമമാക്കുകയും ചെയ്യുമെന്നത് ഇതിന്റെ സവിശേഷതയാണ്. ദേര പ്ലാസ, പോർട്ട് സഈദ്, അൽ കരാമ എന്നിവിടങ്ങളിലെ മൾട്ടി ലെവൽ പാർക്കിങ് ടെർമിനൽ, സ്മാർട്ട് തെരുവ് വിളക്കുകൾ, പറക്കും ടാക്സികൾ, ഗതാഗതത്തിനും വാടക വാഹനങ്ങൾക്കും സ്മാർട്ട് പ്ലാറ്റ്ഫോമുകൾ, അൽ ഖവാനീജ്, അൽ റുവായ, അൽ അവീർ, ജബൽ അലി എന്നിവിടങ്ങളിൽ ഡ്രൈവർമാർക്കുള്ള ഹൗസിങ് ക്വാർട്ടേഴ്സ്, അൽ കരാമ ബസ് സ്റ്റേഷനിലെ വാണിജ്യ കേന്ദ്രത്തിന്റെ നവീകരണം, ദുബൈ ക്രീക്കിന് കുറുകെ സ്കൈ ഗാർഡൻ പാലം എന്നിവ മറ്റു പദ്ധതികളാണ്. നിക്ഷേപകരുടെ കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനവും ആകർഷകത്വവും വർധിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കേണ്ടത് നിർണായകമാണെന്നും ഇത് പൊതുസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിജ്ഞാനം, വൈദഗ്ധ്യം, നവീനതകൾ എന്നിവ സ്വകാര്യമേഖലയിൽ നിന്ന് പൊതുമേഖലയിലേക്ക് കൈമാറ്റം ചെയ്യുന്നതിനും സഹായിക്കുമെന്നും ആർ.ടി.എ ഡയറക്ടർ ജനറൽ പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു. റോഡ്, ഗതാഗത മേഖലകളിൽ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ നിർമിക്കുന്നതിൽ പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ മുൻകാല അനുഭവം ആർ.ടി.എക്കുണ്ടെന്നും, ട്രക്കുകൾക്കായി 16 വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിച്ചതും ‘കരീം ബൈക്ക് ഷെയർ’ സൈക്കിൾ ശൃംഖല രൂപപ്പെടുത്തിയതും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു