തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തിൽ(ടൂറിസം ഇൻവസ്റ്റേഴ്സ് മീറ്റ്-ടിം) ലഭിച്ചത് 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. 250 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്കുള്ള ധാരണാപത്രം താമര ലെഷർ പ്രൈവറ്റ് ലിമിറ്റഡുമായി കേരള ടൂറിസം ഒപ്പുവച്ചു. വാർത്താകുറിപ്പിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
അഞ്ഞൂറോളം നിക്ഷേപകരും സംരംഭകരുമാണ് ടൂറിസം മേഖലയ്ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ പങ്കെടുത്തത്. 46 സ്റ്റാർട്ടപ്പുകളും ഉത്തരവാദിത്ത ടൂറിസം മേഖലയിൽ നിന്ന് 118 സംരംഭകരും സംഗമത്തിലെത്തി. സ്വകാര്യമേഖലയിലുള്ള 52 പദ്ധതികളും സർക്കാർ മേഖലയിൽ നിന്ന് 23 പദ്ധതികളും സംഗമത്തിൽ അവതരിപ്പിച്ചു. ഇതിലൂടെയാണ് ആശാവഹമായ നിക്ഷേപവാഗ്ദാനം ലഭിച്ചത്.
ടൂറിസം വകുപ്പ് അവതരിപ്പിച്ച 23 പദ്ധതികൾക്ക് പുറമെ പങ്കാളിത്ത നിർദ്ദേശമായി 16 പദ്ധതികൾ കൂടി നിക്ഷേപക സംഗമത്തിൽ ലഭിച്ചു. ഇത്തരത്തിൽ 39 പദ്ധതികൾക്കായി 2,511.10 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. സംഗമത്തിൽ അവതരിപ്പിച്ച 52 സ്വകാര്യപദ്ധതികൾക്ക് പുറമെ സ്വകാര്യമേഖലയിലെ 21 പദ്ധതികൾക്കുള്ള നിക്ഷേപവാഗ്ദാനമായി 12,605.55 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും ലഭിച്ചു.
ആലപ്പുഴയിലും കണ്ണൂരിലും ഹൗസ് ബോട്ട് ഹോട്ടൽ പദ്ധതികൾക്കാണ് താമര ലെഷർ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പു വച്ചത്. പൂർണമായും ഹരിതസൗഹൃദമായ നിർമ്മാണം അവലംബിച്ചുള്ള ഹോട്ടൽ പദ്ധതിയാണിത്. കമ്പനി സിഇഒ ശ്രുതി ഷിബുലാൽ, കേരള ടൂറിസം ഡയറക്ടർ എസ് പ്രേംകൃഷ്ണൻ എന്നിവർ ധാരണാപത്രം കൈമാറി.
READ ALSO…സബ് ജില്ലാ കലോത്സവത്തില്‍ കോഴ ചോദിച്ചു; 50,000 രൂപ തന്നാല്‍ ഒന്നും രണ്ടും സ്ഥാനം
ടൂറിസം നിക്ഷേപക സംഗമത്തിലെ നിർദ്ദേശങ്ങളും നിക്ഷേപ വാഗ്ദാനങ്ങൾക്കുമുള്ള തുടർനടപടികൾ കൈക്കൊള്ളുന്നതിനു വേണ്ടിയാണ് ഫെസിലിറ്റേഷൻ സെൻറർ പ്രവർത്തിക്കുന്നതെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംരംഭങ്ങളുടെ അനുമതിയ്ക്ക് വേണ്ടി ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ഏകോപനസമിതിയും പ്രവർത്തിക്കും. പദ്ധതികൾക്ക് തടസ്സം നേരിട്ടാൽ ഏകോപനസമിതിയ്ക്ക് ഇടപെടാനാകും വിധമാകും പ്രവർത്തനം. ഇതോടൊപ്പം മന്ത്രി തലത്തിൽ കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേരുകയും അവലോകനം നടത്തുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ടൂറിസം-പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, ടൂറിസം ഡയറക്ടർ എസ് പ്രേംകൃഷ്ണൻ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(കെടിഐഎൽ) ചെയർമാൻ എസ് കെ സജീഷ്, എംഡി മനോജ് കുമാർ കെ തുടങ്ങിയവർ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു