യാംബു: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് ഇരയാകുന്നവർക്ക് സാധ്യമായ സഹായങ്ങൾ ഒരുക്കി സൗദി അറേബ്യ. ഈജിപ്തിലെ അൽഅരീഷ് വിമാനത്താവളം വഴി തങ്ങളുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) 573 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇതിനകം ഗസ്സയിലെത്തിച്ചു.
വിവിധയിനങ്ങളിലുള്ള ഭക്ഷണ സാധനങ്ങൾ, താൽക്കാലിക പാർപ്പിട നിർമാണ സാമഗ്രികൾ, താൽക്കാലിക ടെൻറുകൾ നിർമിക്കാനാവശ്യമായ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും, പുതപ്പുകൾ, വസ്ത്രങ്ങൾ, ശീതകാല പ്രതിരോധ വസ്ത്രങ്ങൾ, ശിശുക്കൾക്ക് പ്രത്യേകം തയാറാക്കിയ ഭക്ഷണ സാധനങ്ങൾ എന്നിവയടങ്ങിയ ദുരിതാശ്വാസ സഹായമാണ് 24 വിമാനങ്ങളിൽ ഈജിപ്തിലെത്തിച്ചത്. റഫ അതിർത്തിവഴി ഇതിലേറിയ പങ്കും ഗസ്സയിലെത്തിച്ചുനൽകുമെന്ന് പ്രഖ്യാപിച്ച 20 ആംബുലൻസുകളിൽ 14 എണ്ണവും ഇതിനകം ഗസ്സയിലെത്തി.
ജിദ്ദ തുറമുഖത്തുനിന്ന് മൂന്ന് കപ്പലുകളും ഈജിപ്തിലെ സയ്യിദ് തുറമുഖത്ത് എത്തിയിരുന്നു. 401 കണ്ടെയ്നറുകൾ, ആശുപത്രികൾക്കുള്ള 258 മെഡിക്കൽ സാമഗ്രികൾ, 143 ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന കിറ്റുകൾ, പാർപ്പിട നിർമാണ സാമഗ്രികൾ എന്നിവയായിരുന്നു കപ്പലുകൾ വഴി എത്തിച്ചത്. കെ.എസ്. റിലീഫ് സെൻറർ മുഖേന വിവിധ രാജ്യങ്ങളിലേക്ക് അയക്കുന്ന സഹായങ്ങൾ ഏകോപിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ബഹുമുഖ ശ്രമങ്ങളാണ് നടത്തിവരുന്നത്. കെ.എസ്. റിലീഫ് സെൻറർ ഉദ്യോഗസ്ഥൻ അഹമ്മദ് ബിൻ അലി അൽ ബൈസ് കഴിഞ്ഞദിവസം റിയാദിൽവെച്ച് യമനിലെ യു.എൻ റസിഡൻറ് കോഓഡിനേറ്റർ ഡേവിഡ് ഗ്രെസ്ലിയുമായി ഈ വിഷയത്തിൽ ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ യമനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു.
സോമാലിയയിലെ ബുറാവോ ടെക്നിക്കൽ സ്ഥാപനത്തിന് 15 ലക്ഷം ഡോളറിെൻറ സഹായം നൽകുന്നതിനുള്ള സഹകരണ കരാറിൽ കെ.എസ് റിലീഫും സോമാലിയയിലെ നോർവീജിയൻ അഭയാർഥി കൗൺസിലും ഞായറാഴ്ച ഒപ്പുവെച്ചു. ഇസ്രായേലിെൻറ അതിരൂക്ഷ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലെ ജനതയെ സഹായിക്കാൻ കെ.എസ് റിലീഫ് ആരംഭിച്ച കാമ്പയിന് വൻ പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്.
രാജ്യത്തെ സ്വദേശികളിൽനിന്നും വിദേശികളിൽനിന്നുമായി ഇതിനകം 1,097,962 ലധികം ആളുകളിൽനിന്നായി 547,728,069 റിയാൽ സംഭാവന ലഭിച്ചു. മാനുഷിക സഹായ ദൗത്യങ്ങൾക്ക് നേതൃത്വം നൽകാൻ സൗദി ഭരണകൂടം ബൃഹത്തായ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഗസ്സയിലെ പുനരധിവാസത്തിന് ലോകത്തെ സുമനസ്സുകളായ ആളുകളുടെ നിർലോഭമായ സാമ്പത്തിക സഹായം കൂടിയേ മതിയാവൂ. ‘സാഹിം’ (https://sahem.ksrelief.org) പോർട്ടൽ വഴിയും അൽറാജ്ഹി ബാങ്കിെൻറ SA5580000504608018899998 എന്ന അക്കൗണ്ട് വഴിയും എല്ലാവർക്കും എളുപ്പത്തിൽ ഇപ്പോഴും സംഭാവന അയക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു