ദുബൈ: എക്സ്പോ സിറ്റിയിൽ പുരോഗമിക്കുന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ശ്രദ്ധേയമായി ഫെയ്ത്ത് പവിലിയൻ. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ വിശ്വാസ സമൂഹങ്ങളെയും മത സ്ഥാപനങ്ങളെയും അണിനിരത്തുകയാണ് ഫെയ്ത്ത് പവിലിയൻ ലക്ഷ്യമിടുന്നത്. കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പവിലിയൻ ഉൾപ്പെടുത്തുന്നത്.
ബ്ലൂ സോണിൽ തുറന്ന പവിലിയനിൽ ഉച്ചകോടിയുടെ ആദ്യദിനം മുതൽ നിരവധി മതനേതാക്കളും സന്ദർശകരുമാണ് എത്തിയത്. വിവിധ മതനേതാക്കളുടെ സാന്നിധ്യത്തിൽ യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനാണ് ഫെയ്ത്ത് പവിലിയന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഫ്രാൻസിസ് മാർപാപ്പ, ഈജിപ്തിലെ അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയ്യിബ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ വിഡിയോ വഴി അഭിസംബോധന ചെയ്തിരുന്നു.
ലോകത്ത് ഇന്ന് ആർക്കും എതിരല്ലാത്ത ഒരു സഖ്യം ആവശ്യമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. നമ്മൾ ഓരോരുത്തരുടെയും നേട്ടത്തിനായി പ്രവർത്തിക്കുന്നതായിരിക്കണം ആ സഖ്യം. ഭൂമിയെ സംരക്ഷിക്കുന്ന നടപടികൾക്ക് ഭരണാധികാരികളോട് ആവശ്യപ്പെടണം. സുസ്ഥിരത കൈവരിക്കുന്ന ജീവിത ശൈലികളിലൂടെ മാറ്റം കൊണ്ടുവരാൻ നമുക്ക് കഴിയും -മാർപാപ്പ കൂട്ടിച്ചേർത്തു. പരിസ്ഥിതി സംരക്ഷണത്തിനായി വിശ്വാസി സമൂഹങ്ങളുടെ പിന്തുണ തേടുന്ന നടപടിയെ അൽഅസ്ഹർ ഇമാം അഭിനന്ദിച്ചു. മാർപാപ്പയുടെ പ്രതിനിധി കർദിനാൾ പീറ്റോ പരോളിനും ചടങ്ങിൽ പങ്കെടുത്തു.
മതം ഉൾപ്പെടെ സമൂഹത്തിലെ സ്വാധീന ശക്തികളുടെ സഹകരണമില്ലാതെ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ കഴിയില്ലെന്ന് പവിലിയനിലെ ചടങ്ങിൽ പങ്കെടുത്ത അമേരിക്കൻ ജൂത സമിതിയുടെ ഡയറക്ടർ റബ്ബി നോം മാരൻസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാലാവസ്ഥാ പ്രവർത്തനത്തെ സഹായിക്കുന്ന മത പ്രതിനിധികളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കുന്ന ഇടം സൃഷ്ടിക്കലാണ് ഫെയ്ത്ത് പവിലിയന്റെ കാഴ്ചപ്പാട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു