അബൂദബി: മേഖലയിലെ ആദ്യ നെറ്റ് സീറോ എനർജി മസ്ജിദ് മസ്ദർ സിറ്റിയിൽ ഒരുങ്ങുന്നു. മസ്ദർ സിറ്റിയിലെ സുസ്ഥിര വികസന വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടറായ മുഹമ്മദ് അൽ ബറൈഖിയാണ് പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത വർഷമായിരിക്കും 100 ശതമാനവും ശുദ്ധോർജത്തിൽ പ്രവർത്തിപ്പിക്കുന്ന മസ്ജിദിന്റെ നിർമാണം ആരംഭിക്കുക. ഇതിനൊപ്പം മസ്ദർ സിറ്റിയിൽ മറ്റ് മൂന്ന് സുസ്ഥിര പദ്ധതികൾ കൂടിയാരംഭിക്കും. കോപ് 28 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ പ്രഖ്യാപനം വന്നത്.
2349 ചതുരശ്ര മീറ്ററിൽ ഒരുക്കുന്ന മസ്ജിദിൽ ഒരേസമയം 1300 വിശ്വാസികളെ ഉൾക്കൊള്ളാനാകും. മസ്ജിദിനാവശ്യമായ ഊർജം 1590 ചതുരശ്ര മീറ്ററിൽ സജ്ജമാക്കിയ പി.വി പാനലുകളിൽനിന്നാവും ഉൽപാദിപ്പിക്കുക.
ഊർജ ഉപയോഗം 35 ശതമാനംവരെ കുറക്കുന്ന രീതിയിലാണ് മസ്ജിദിന്റെ രൂപകൽപന. സൗന്ദര്യവും സാംസ്കാരിക പ്രാധാന്യവും സുസ്ഥിരതയുമൊക്കെ സംഗമിക്കുന്ന രൂപകൽപന തയാറാക്കാൻ മാസങ്ങളെടുത്തെന്നും അധികൃതർ അറിയിച്ചു.
പ്രകൃതിദത്ത വെളിച്ചം പള്ളിക്കുള്ളിൽ നിർലോഭം കിട്ടുന്ന രീതിയിലാണ് നിർമിതി. എപ്പോഴും കാറ്റ് ലഭിക്കുന്ന നിർമാണരീതി വിശ്വാസികൾക്ക് ചൂടിൽനിന്ന് സംരക്ഷണം നൽകും. മസ്ദർ സിറ്റിയിലെ ഒട്ടേറെ ശുദ്ധോർജ പദ്ധതികളിലൊന്ന് മാത്രമാണ് ഈ മസ്ജിദ്. രാജ്യത്തെ ആദ്യ ശുദ്ധോർജ വാണിജ്യ കെട്ടിടം ഡിസംബർ ആദ്യം മസ്ദർ സിറ്റിയിൽ തുറന്നിരുന്നു. പൂർണമായി ശുദ്ധോർജമുള്ള വാണിജ്യ, താമസകേന്ദ്രങ്ങളുടെ നിർമാണം നടന്നുവരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു