ബംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ഭാഗമായ പ്രൊപ്പല്‍ഷൻ മൊഡ്യൂളിനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ച് ഐ.എസ്.ആര്‍.ഒ.ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ വലംവെച്ച് കൊണ്ടിരുന്ന പ്രൊപ്പല്‍ഷൻ മൊഡ്യൂളിനെയാണ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിജയകരമായി മാറ്റിയത്. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് സഹായകരമാണ് പ്രൊപ്പല്‍ഷൻ മൊഡ്യൂളിന്‍റെ ഭ്രമണപഥമാറ്റം.
പ്രൊപ്പല്‍ഷൻ മൊഡ്യൂളിലുള്ള ഏക ശാസ്ത്രീയ ഉപകരണമാണ് സ്പെക്‌ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് (SHAPE). ഭൂമിയെയും പ്രപഞ്ചത്തെയും നിരീക്ഷിക്കാനുള്ള ഉപകരണമാണിത്. ഈ ഉപകരണത്തിന്‍റെ പ്രവര്‍ത്തനം തുടരുന്നതിനാണ് ഭ്രമണപഥം മാറ്റിയത്.
ഒക്ടോബര്‍ ഒമ്ബതിനാണ് പ്രൊപ്പല്‍ഷൻ മൊഡ്യൂളിന്‍റെ ഭ്രമണപഥം ആദ്യം ഉയര്‍ത്തിയത്. തുടര്‍ന്ന് ഒക്ടോബര്‍ 13ന് ട്രാൻസ് എര്‍ത്ത് ഇൻജക്ഷൻ വഴി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മാറ്റി. നിലവില്‍ ഭൂമിയുടെ 1.5 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ ഭൂമിയെ വലം വെക്കുന്നത്.
ചന്ദ്രയാൻ മൂന്നിന്‍റെ ദൗത്യം വിജയകരമായി പൂര്‍ത്തിയതോടെ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ 100 കിലോ ഇന്ധനം ശേഷിച്ചിരുന്നു. ഈ ഇന്ധം ഉപയോഗിച്ച് എൻജിൻ ജ്വലിപ്പിച്ചാണ് പ്രൊപ്പല്‍ഷൻ മൊഡ്യൂളിന്‍റെ ഭ്രമണപഥമാറ്റം സാധ്യമാക്കിയത്. ബംഗളൂരുവിലെ യു.ആര്‍. റാവു സാറ്റലെറ്റ് സെന്‍റര്‍ ആണ് ഭ്രമണപഥം മാറ്റുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്നും എല്‍.വി.എം 3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ സഞ്ചരിച്ച് ആഗസ്റ്റ് 23ന് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ലാൻഡറും റോവറും ഉള്‍പ്പെടുന്ന പേടകം ഇറങ്ങി. തുടര്‍ന്ന് ലാൻഡറും റോവറും ദൗത്യത്തിന്‍റെ ഭാഗമായ എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ മൂന്നിന് നിദ്രയിലായി.
ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനില്‍ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.