യാംബു: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ അടുത്ത തിങ്കളാഴ്ച വരെ വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ ഇടത്തരം മഴയായിരിക്കും. 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാനും ചിലയിടങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ചെങ്കടലിലെ ചില ഭാഗങ്ങളിൽ ഉയരത്തിൽ തിരമാലകൾ അടിക്കാനിടയുണ്ടെന്നും കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
കാലാവസ്ഥ മാറ്റമുണ്ടാകുമ്പോൾ വിദൂര ദൃഷ്ടി കുറക്കുന്ന വിധത്തിൽ പൊടിക്കാറ്റുണ്ടായേക്കാം. റോഡുകളിൽ വാഹനങ്ങളുമായി ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. അൽ ബാഹ, മക്ക, മദീന, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റാണ് പ്രതീക്ഷിക്കുന്നത്.
ഒപ്പം മിന്നലോടുകൂടിയ മഴയുമുണ്ടായേക്കാം. മദീന മേഖലയിലെ യാംബു, ബദ്ർ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്യുമ്പോൾ താഴ്ന്ന പ്രദേശങ്ങളിലും തോടുകൾക്കും അരുവികൾക്കും അരികിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും സൗകര്യത്തിന് അനുസരിച്ച് സുരക്ഷിത മേഖലയിലേക്ക് മാറി നിൽക്കുകയും വേണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.
മക്കയിലും ത്വാഇഫിലും കനത്ത മഴ
യാംബു: ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം ശരിവെക്കുന്ന വിധത്തിൽ ഞായറാഴ്ച മക്കയിലും ത്വാഇഫിലും കനത്ത മഴ പെയ്തു. അൽബാഹ, മദീന, ഹാഇൽ, വടക്കൻ അതിർത്തിപ്രദേശങ്ങളുടെ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ നേരിയ മഴയുമാണുണ്ടായത്. ചെങ്കടലിലെ ഉപരിതല കാറ്റ് വടക്കുകിഴക്ക് ദിശയിൽ 15 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിലും വടക്കുപടിഞ്ഞാറ് ഭാഗത്ത് 10 മുതൽ 30 വരെ കിലോമീറ്റർ വേഗത്തിലുമായിരുന്നുവെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ചെങ്കടലിലെ തിരമാലകളുടെ ഉയരം രണ്ടു മീറ്റർ വരെ ഉയർന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ മധ്യഭാഗത്തും തെക്കൻ ഭാഗത്തും കഴിഞ്ഞ ദിവസം കാർമേഘങ്ങൾ ഇരുണ്ടുകൂടിയ അന്തരീക്ഷമായിരുന്നു പ്രകടമായത്. അൽ ബാഹ, മക്ക, മദീന, ത്വാഇഫ്, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി എന്നീ ഭാഗങ്ങളിൽ വരുംദിവസങ്ങളിലും മഴയും ഇടിമിന്നലും പ്രതീക്ഷിക്കാമെന്നും കേന്ദ്രം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു