ജിദ്ദ: സൗദിയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി വിജയകരം. മൂന്ന് വ്യത്യസ്ത ഇനങ്ങളിലെ ഡ്രാഗൺ ഫ്രൂട്ടിന്റെ 7,000 തൈകളാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നട്ടുപിടിപ്പിച്ച് നൂറുമേനി വിളവ് കൊയ്തത്. വ്യത്യസ്ത പാരിസ്ഥിതിക സാഹചര്യങ്ങളിൽ അനുഭവം ശാസ്ത്രീയമായും സാമൂഹികമായും സമ്പന്നമാക്കുക, രാജ്യത്തെ കാർഷിക സുസ്ഥിരത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണിത്.
‘രാജ്യത്തെ വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളിൽ ഡ്രാഗൺ ഫ്രൂട്ടിന്റെ വളർച്ചയെയും ഉൽപാദനക്ഷമതയെയും കുറിച്ചുള്ള പഠനം’ എന്ന തലക്കെട്ടിൽ മന്ത്രാലയം റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് സംഘടിപ്പിച്ച ശിൽപശാലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പരിവർത്തന പരിപാടിയുടെ സംരംഭങ്ങളിലൊന്നായ പ്രായോഗിക ഗവേഷണ സംരംഭങ്ങൾക്കുള്ളിൽ കാർഷിക സുസ്ഥിരത വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി പരീക്ഷിച്ചത്.
ഉയർന്ന വിളവ് നൽകുന്ന പുതിയ പഴങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള മന്ത്രാലയത്തിന്റെ തന്ത്രങ്ങളുടെ ഭാഗമാണിത്. മരുഭൂ സസ്യയിനമായ കള്ളിച്ചെടിയുടെ കുടുംബത്തിൽപ്പെടുന്നതാണ് ഡ്രാഗൺ. ഈ സസ്യം കുറഞ്ഞ തോതിലാണ് ജലം ആഗിരണം ചെയ്യുന്നത്. ഡ്രാഗൺ പഴത്തിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പഠനങ്ങളും മന്ത്രാലയത്തിന് കീഴിൽ തുടർന്നുവരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു