മിഷോങ് ചുഴലിക്കാറ്റ്, തമിഴ്നാട്ടിലെ നാല് ജില്ലകളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. കനത്ത മഴയിലും വൻ വെള്ളക്കെട്ടിലും നാശം വിതച്ച ചെന്നൈയിലെ മുഗളിവാക്കം,മണപ്പാക്കം മേഖലകളിൽ നിന്നുള്ളവരെ ഇന്ത്യൻ കരസേനയുടെ 12 മദ്രാസ് യൂണിറ്റ് രക്ഷപ്പെടുത്തി.കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ച് വെള്ളത്തിനടിയിലായി. മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ചൊവ്വാഴ്ച (ഡിസംബർ 5) തമിഴ്നാട് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നീ നാല് ജില്ലകളിലെ പൊതുസ്ഥാപനങ്ങൾ/കോർപ്പറേഷനുകൾ, ബോർഡുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് അവധിയായിരിക്കും.
എന്നിരുന്നാലും, പോലീസ്, അഗ്നിശമനസേന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പാൽ വിതരണം, ജലവിതരണം, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, വൈദ്യുതി വിതരണം, ഗതാഗതം, ഇന്ധന ഔട്ട്ലെറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ എല്ലാ അവശ്യ സേവനങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകളും, ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പതിവുപോലെ പ്രവർത്തിക്കും. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തമിഴ്നാട് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.
ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ എം ഡി അറിയിച്ചു ഐഎംഡിയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം,ഡിസംബർ 4 ന് രാവിലെ 8:30 ന് ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ കിഴക്ക്-വടക്ക് കിഴക്കായി മിഷോങ് ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി.\
മിഷോങ് ചുഴലിക്കാറ്റിനെക്കുറിച്ച് IMD നൽകിയ മുന്നറിയിപ്പ്:
വടക്കൻ തീരപ്രദേശമായ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിസംബർ 4, 5 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഒട്ടുമിക്ക സ്ഥലങ്ങളിലും നേരിയതോതിൽ മിതമായതോ ആയ മഴയും ചില സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയും, തീരദേശ ആന്ധ്രാപ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും യാനാമിലും ഡിസംബർ 4, 5 തീയതികളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു.