ദുബൈ: യു.എ.ഇയിലെ കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ സംരംഭങ്ങളുടെ ഭാഗമായി ലുലു, യൂനിലിവറുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിൽ കണ്ടൽക്കാടുകളുടെ പങ്കിനെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കും.
മാസ്റ്റർകാർഡ് പ്രൈസ്ലെസ് പ്ലാനറ്റ് കോയലിഷന്റെ വൃക്ഷ പുനരുദ്ധാരണ ശ്രമങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, യൂനിലിവർ അറേബ്യ മേധാവി ഖലീൽ യാസീൻ, മാസ്റ്റർകാർഡ് മാർക്കറ്റ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അമ്ന അജ്മൽ എന്നിവരാണ് പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിട്ടത്.
ദുബൈയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി കോപ് 28ന്റെ മുന്നോടിയായി നടന്ന ഒപ്പിടൽ ചടങ്ങിൽ യു.എ.ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി മർയം ബിൻത് സയീദ് അൽ മുഹൈരി, ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി എന്നിവരും സംബന്ധിച്ചു. യു.എ.ഇയിലെ കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുന്നതിന് ലുലുവുമായും മാസ്റ്റർകാർഡുമായും പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് യൂനിലിവർ അറേബ്യയുടെ മേധാവി ഖലീൽ യാസിൻ പറഞ്ഞു.
ദുബൈയിൽ ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്ന അവസരത്തിൽ തന്നെ ഇത്തരമൊരു സംരംഭത്തിൽ സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു. നമ്മുടെ പരിസ്ഥിതിക്കും ഭാവി തലമുറക്കും വേണ്ടി പൊതു അവബോധം സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു