ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘മൈചോങ്’ ചുഴലിക്കാറ്റായി മാറി. ഇതിനാൽ ചെന്നൈയിൽ കനത്ത മഴയും നാശ നഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് (ഐഎംഡി) അനുസരിച്ച്, മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശും. നഗരത്തിലുടനീളമുള്ള സ്ഥിതിഗതികൾ ആളുകൾ സോഷ്യൽ മീഡിയയിൽ കൂടി അറിയിക്കുന്നുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിലാണ്. ബസ് സർവീസുകൾ ഭാഗികമായി നിർത്തി വച്ചിരിക്കുകയാണ്. വിമാന,റെയിൽ സർവീസുകൾ താൽക്കാലികമായി റദ്ധാക്കി.
സുല്ലൂർപേട്ട സ്റ്റേഷനു സമീപമുള്ള 167-ാം നമ്പർ പാലത്തിൽ ജലനിരപ്പ് അപകടനിലയിലെത്തുന്നു. നഗരത്തിൽ പലയിടത്തും വൈദ്യുതിയില്ല, മടമ്പാക്കം, പെരുങ്കുടി തുടങ്ങിയ പ്രാന്തപ്രദേശങ്ങളിലെ സ്ഥിതി സമുദ്രം പോലെയാണ്. പെരുങ്ങലത്തൂരിൽ മുതല റോഡ് മുറിച്ചു കടക്കുന്നത് കണ്ടു. ചെന്നൈയിൽ നിന്ന് 110 കിലോമീറ്റർ കിഴക്ക്-വടക്ക് കിഴക്കായി ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതായി ചെന്നൈ റീജിയണൽ മെറ്റീരിയോളജിക്കൽ സെന്റർ (ആർഎംസി) അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് മെറ്റീരിയോളജിക്കൽ എസ്.ബാലചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ 7 മണിക്കൂറിനുള്ളിൽ ഇത് ഏകദേശം 10 കിലോമീറ്റർ വേഗതയിൽ നീങ്ങി. ഇത് കൂടുതൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇത് വടക്കൻ തമിഴ്നാട് തെക്കൻ ആന്ധ്രാപ്രദേശിന്റെ തീരത്തേക്ക് സമാന്തരമായി നീങ്ങുകയും ചൊവ്വാഴ്ച ഉച്ചയോടെ മണ്ണൂർ, മസൂലിപ്പട്ടണം എന്നിവ കടക്കുമെന്നും പ്രതീക്ഷിക്കുന്നു.
ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിൽ ഇന്ന് രാത്രി വരെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.