അൽഐൻ മൃഗശാല വിദ്യാർഥികൾക്കായി ‘വിന്റർ മാജിക്’ എന്ന പേരിൽ ഡിസംബർ 11 മുതൽ 22വരെ ശൈത്യകാല ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർക്ക് ആവേശകരവും അതുല്യവുമായ നിരവധി അനുഭവങ്ങൾ കാത്തിരിക്കുന്ന ഈ സീസണിലെ ശൈത്യകാല ക്യാമ്പ് രജിസ്ട്രേഷൻ ഡിസംബർ 8 വരെ മൃഗശാല സ്വീകരിക്കും. 6 മുതൽ 14 വരെ വയസുള്ള വിദ്യാർഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.
തുടർച്ചയായ രണ്ടാഴ്ചകളിൽ ദിവസവും രാവിലെ 8 മുതൽ 12വരെയാണ് പരിപാടി. വെള്ളിയാഴ്ച രാവിലെ 8 മുതൽ 11വരെ മാത്രമേ ഉണ്ടാകൂ. മൃഗസംരക്ഷണം, ബ്രീഡിങ്, മൃഗ പരിചരണം എന്നിവയിൽ വിദഗ്ധരായവരുടെ അനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരവും വന്യജീവികളെ പരിചയപ്പെടാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും.
ശൈത്യകാല അവധിക്കാലത്ത് വിദ്യാർഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ ഉണ്ടാകും. ബൗദ്ധികവും സാംസ്കാരികവും സാമൂഹികവും ശാരീരികവുമായ കഴിവുകൾ, പ്രകൃതി സംരക്ഷണവും വന്യജീവിയും എന്ന വിഷയവുമായി വിദ്യാഭ്യാസവും വിനോദവും സമന്വയിപ്പിക്കുന്ന ഒരു സംവേദനാത്മക വിദ്യാഭ്യാസ ഫോർമാറ്റിൽ രൂപകൽപന ചെയ്ത പ്രവർത്തനങ്ങളുടെ ഒരു നിരയാണ് ശൈത്യകാല ക്യാമ്പ് അവതരിപ്പിക്കുന്നത്.
സുസ്ഥിരതാ ആശയങ്ങൾ, കലകൾ, കരകൗശലങ്ങൾ എന്നിവയെക്കുറിച്ചുള്ള ആമുഖം, ലോകത്തെ ഭൂഖണ്ഡങ്ങൾ ചുറ്റിപ്പറ്റിയുള്ള ഒരു വെർച്വൽ ടൂർ എന്നിവക്ക് പുറമെ, ടീം ബിൽഡിങിലൂടെ കുട്ടികൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങളും ക്യാമ്പിൽ ഒരുക്കും. [email protected] എന്ന ഇമെയിൽ വഴിയോ 03-7992444 എന്ന നമ്പറിൽ വിളിച്ചോ കുട്ടികൾക്ക് ശൈത്യകാല ക്യാമ്പിനായി രജിസ്റ്റർ ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു