ദുബൈ: എക്സ്പോ സിറ്റി ദുബൈയിലേക്ക് വീണ്ടുമൊരിക്കൽ കൂടി ജനമൊഴുകുകയാണ്. എക്സ്പോ 2020 ദുബൈ എന്ന വിശ്വമേളക്ക് ശേഷം, കോപ്28 സമ്മേളനത്തിനായാണ് ലോകം ഇപ്പോൾ സിറ്റി ലക്ഷ്യമാക്കി സഞ്ചരിക്കുന്നത്. അംബരചുംബികൾ നിറഞ്ഞ ദുബൈയുടെ ചിത്രങ്ങൾ പുറംലോകത്തിന് അറിയാമെങ്കിലും, പരിസ്ഥിതി സൗഹൃദവും മനോഹരവുമായ ഇത്തരമൊരു പുതുനഗരം പല വിദേശ രാഷ്ട്ര പ്രമുഖർക്കും പ്രതിനിധികൾക്കും പുത്തനറിവാണ്.
ആഗോള കാലാവസ്ഥ പ്രതിസന്ധികൾക്ക് സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഉച്ചകോടിക്ക് യോജിച്ച സ്ഥലമെന്ന നിലക്ക് സിറ്റി തിരിച്ചറിയപ്പെടുകയാണിപ്പോൾ. പൊതുവെ ചൂട് കൂടുതലുള്ള ഗഹഫ് മേഖലയിൽ, പച്ചപ്പ് നിറഞ്ഞ പ്രശാന്തമായ ഒരു നഗരം പലരും സമ്മേളനത്തിന് വേദിയായി പ്രതീക്ഷിച്ചില്ലെന്നും സമ്മതിക്കുന്നു.
പുതുമകളുടെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമായ എക്സ്പോ സിറ്റി ദുബൈ യു.എ.ഇയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ഭാവി നഗര മാതൃകയാണ്. എക്സ്പോ 2020 ദുബൈ തന്നെ അന്താരാഷ്ട്ര എക്സ്പോകളുടെ ചരിത്രത്തിലെ ഏറ്റവും സുസ്ഥിര പതിപ്പുകളിലൊന്നായിരുന്നു.
ഇപ്പോൾ കോപ് 28, കാലാവസ്ഥ ഉച്ചകോടികളുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നുമുണ്ട്. 45,000 ചതുരശ്ര മീറ്റർ പൂന്തോട്ടങ്ങളും പാർക്കുകളും ഉൾക്കൊള്ളുന്ന പരസ്പര ബന്ധിതമായ കെട്ടിട സമുച്ചയങ്ങളും, കാൽനട പാതകളും ഉൾപ്പെടുന്ന പരിസ്ഥിതി സൗഹൃദ നഗര ഘടനയാണ് സിറ്റിക്കുള്ളത്.
മാത്രമല്ല, ഭാവിയുടെ നഗരമായി വളരുന്ന ദുബൈയിലെ എക്സ്പോ സിറ്റി പൂർണമായും പുനരുപയോഗ ഊർജമായ സൗരോർജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. ഇതിനായി ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പാർക്കിൽനിന്ന് ഒരു ലക്ഷം മെഗാവാട്സ് വൈദ്യുതി നൽകാൻ എക്സ്പോ സിറ്റിയും ദുബൈ വൈദ്യുതി, ജല വകുപ്പും(ദീവ) ധാരണയിലെത്തിയിട്ടുമുണ്ട്.
എക്സ്പോ സിറ്റിയിലെ വീടുകൾക്കും ബിസിനസുകൾക്കും ഇതിൽ നിന്ന് വൈദ്യുതി ലഭ്യമാകും. രാജ്യത്തിന്റെ കാർബൺ പുറന്തള്ളൽ നിരക്ക് 2050ഓടെ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യംവെച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് ഈ പദ്ധതി. എക്സ്പോ സൈറ്റിലെ 123 കെട്ടിടങ്ങൾക്ക് ഊർജത്തിലും പാരിസ്ഥിതിക രൂപകൽപനയിലും ഉള്ള മികവിന് സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്.
2022 ഒക്ടോബറിൽ, ദുബൈ എക്സ്പോ കാർബൺ ന്യൂട്രാലിറ്റി റോഡ്മാപ്പ് പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് യു.എ.ഇയുടെ കാർബൺ ന്യൂട്രാലിറ്റി 2050 സംരംഭത്തിന് അനുസൃതമായി 2030-ഓടെ പ്രവർത്തനപരമായ കാർബണിൽ 45 ശതമാനവും, 2040-ഓടെ 80 ശതമാനവും കുറക്കുകയാണ് എക്സ്പോ സിറ്റി ലക്ഷ്യമിടുന്നത്. 2050ഓടെ പൂർണമായും കാർബൺ പുറന്തള്ളൽ ഒഴിവാക്കാനും ലക്ഷ്യമിടുന്നു.
ജൈവവൈവിധ്യ സംരക്ഷണം, പാരിസ്ഥിതിക പുനഃസ്ഥാപനം, വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കൽ, കാർബൺ കുറക്കൽ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ക്രിയാത്മകമായ പരിഹാരങ്ങൾ നിർദേശിക്കുന്ന നിരവധി സംരംഭങ്ങൾ നിലവിൽ തന്നെ എക്സ്പോ സിറ്റി ആസൂത്രണം ചെയ്തുവരുന്നുണ്ട്.
കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നതോടെ ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട സുസ്ഥിര നഗരം എന്ന മേൽവിലാസത്തിലേക്കാണ് ഈ അതിശയ നഗരം മാറുന്നത്. എക്സ്പോ സിറ്റി സന്ദർശിക്കുന്ന വിദേശ പ്രതിനിധികൾ അടക്കമുള്ളവർ മാതൃകാ നഗരം എന്ന പേര്നൽകി വേദിയെ വിശേഷിപ്പിക്കുന്നതിന്റെ കാരണമിതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു