ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ തോറ്റു. ജൂബിലി ഹിൽസ് മണ്ഡലത്തിൽ 7801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിർസ്ഥാനാർഥിയായ ബി.ആർ.എസിലെ മഗന്ദി ഗോപിനാഥ് ജയിച്ചത്.
അതേസമയം 25 വോട്ടിങ് യന്ത്രങ്ങൾ തകരാറിലായിരുന്നുവെന്നും റീ കൗണ്ടിങ് നടത്തണമെന്നും അസ്ഹർ ആവശ്യപ്പെട്ടു.
മണ്ഡലത്തിൽ ഗോപിനാഥിന്‍റെ ഹാട്രിക് വിജയമാണിത്. ബി.ജെ.പിയിലെ ലങ്കാല ദീപക് റെഡ്ഡി മൂന്നാമതായി. തുടക്കത്തിൽ പിറകിലായിരുന്നു അസ്ഹർ ഒരുഘട്ടത്തിൽ ലീഡ് നേടിയിരുന്നു. സെക്കന്ദറാബാദ് ലോക്സഭ മണ്ഡലത്തിന് കീഴിലുള്ള ഇവിടെ 2018ൽ കോൺഗ്രസിലെ പി. വിഷ്ണുവർധൻ റെഡ്ഢിയെ 16,004 വോട്ടിനാണ് ഗോപിനാഥ് തോൽപിച്ചത്. അന്ന് പോൾ ചെയ്ത വോട്ടിന്റെ 44.3 ശതമാനവും ബി.ആർ.എസിനായിരുന്നു. നിലവിൽ 3,75,430 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 1,98,204 പുരുഷന്മാരും 1,77,207 സ്ത്രീകളും 19 പേർ ട്രാൻസ്ജെൻഡറുകളുമാണ്.
2014ൽ ഡി.ടി.പി സ്ഥാനാർഥിയായാണ് ഗോപിനാഥ് മണ്ഡലത്തിൽനിന്ന് ജയിച്ചുകയറിയത്. ഇത്തവണ എ.ഐ.എം.ഐ.എം മുഹമ്മദ് റഷീദ് ഫറാസുദ്ദീനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് മണ്ഡലത്തിലെ പോരാട്ടം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 2009ലാണ് അസ്ഹറുദ്ദീൻ കോൺഗ്രസിൽ ചേർന്നത്. ശേഷം മൊറാദാബാദ് മണ്ഡലത്തിൽനിന്ന് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തെലങ്കാന പി.സി.സി അധ്യക്ഷനായും അസ്ഹർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു