ദുബൈ: കോപ് 28 ഉച്ചകോടിയുടെ ആദ്യദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ‘നാശനഷ്ട നിധി’യിലേക്ക് വിവിധ രാഷ്ട്രങ്ങൾ ശനിയാഴ്ചയും ഫണ്ട് പ്രഖ്യാപിച്ചു. പുതുതായി നിലവിൽവന്ന നിധിയിലേക്ക് 500 ദശലക്ഷം ഡോളറാണ് നിലവിൽ ആകെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ആഗോളതാപനം മൂലമുള്ള കെടുതികൾ പരിഗണിക്കുമ്പോൾ ഈ തുക അപര്യാപ്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ ഫണ്ട് വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷകർ. യു.എസ് 17.5 ദശലക്ഷം ഡോളറും യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ 145 ദശലക്ഷം ഡോളറുമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
അതേസമയം, ജർമനി പ്രത്യേകം 100 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 100 ദശലക്ഷം യൂറോ (108.9 ദശലക്ഷം ഡോളർ) ‘നാശനഷ്ട നിധി’യിലേക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, പണം എങ്ങനെ വിനിയോഗിക്കണം എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ ഒരു ഫണ്ടിന് മാത്രമായി കഴിയില്ലെന്നും പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ മുന്നേറ്റത്തിൽ സുപ്രധാനമെന്ന് വിലയിരുത്തപ്പെടുന്ന ‘നാശനഷ്ട നിധി’ക്ക് സമ്മേളനം ആദ്യദിനത്തിൽ ഐകകണ്ഠ്യേനയാണ് അംഗീകാരം നൽകിയത്. ചരിത്രപരമായ തീരുമാനത്തെ വലിയ പ്രാധാന്യത്തോടെയാണ് പ്രതിനിധികൾ സ്വീകരിച്ചത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളാകുന്ന വികസ്വര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങളുടെ സഹായം ലഭ്യമാക്കുന്നതാണ് നാശനഷ്ട നിധി.
ഉച്ചകോടിയുടെ ആദ്യദിനത്തിൽ പദ്ധതിക്ക് ഐകകണ്ഠ്യേന അംഗീകാരം ലഭിച്ചത് ചരിത്ര നേട്ടമാണെന്ന് ഡോ. സുൽത്താൻ അൽ ജാബിർ പ്രസ്താവിച്ചിരുന്നു. നിധിയിലേക്ക് 100 ദശലക്ഷം ഡോളർ (833 കോടി രൂപ) യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണ് യു.എസ്, യു.കെ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ഫണ്ട് പ്രഖ്യാപിച്ചത്. ശതകോടികൾ ലഭിച്ചാലേ നാശനഷ്ട നിധിയിലൂടെ ഉദ്ദേശിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കൂ എന്ന വിലയിരുത്തലാണ് ദരിദ്ര രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കുവെക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു