ഷാര്‍ജ: മലയാളിത്തനിമ പരിചയപ്പെടുത്തി ‘ഉത്സവക്കാഴ്ച‘യുമായി യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരി. നാട്ടിലെ യഥാർഥ പൂരപ്പറമ്പിന്റെ മാതൃകയിലാണ് ‘ഉത്സവക്കാഴ്ച’ ഒരുക്കിയിട്ടുള്ളത്. സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉത്സവക്കാഴ്ചയുടെ ഉദ്ഘാടനം നിർവഹിച്ചു. ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ പര്‍ച്ചേസ് ബി.എം. കാസിം, പര്‍ച്ചേസ് മാനേജര്‍ ജീനു മാത്യു, അസി. പര്‍ച്ചേസ് മാനേജര്‍ ഷാനവാസ് തുടങ്ങി മറ്റു മാനേജ്മെന്റ് ടീമും ചടങ്ങില്‍ സന്നിഹിതരായി.
തനത് സംസ്കാരത്തിന്റെ ഊര്‍ജം ഊട്ടിയുറപ്പിക്കാന്‍ സഫാരി മാള്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഈ ചിന്തയുടെ പിന്തുടര്ച്ചയാണ് ‘ഉത്സവക്കാഴ്ച’ പോലുള്ള മേളകളെന്നും സൈനുല്‍ ആബിദീന്‍ ഉദ്ഘാടന വേളയില്‍ അഭിപ്രായപ്പെട്ടു. ഗൃഹാതുരത്വം തനത് ശൈലിയില്‍ നുകരാന്‍ ഉത്സവക്കാഴ്ചയിലൂടെ ഷാര്‍ജയിലേക്ക് ഒഴുകിയെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം, യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ വേളയില്‍ ഇന്തോ-അറബ് സംസ്കാരത്തിന്റെ സമ്മേളനമായിക്കൂടി ‘ഉത്സവക്കാഴ്ച‘യെ സമര്‍പ്പിക്കുന്നതായും കൂട്ടിച്ചേർത്തു. സഫാരി മാളിലെ ഫസ്റ്റ് ഫ്ലോറിലാണ് സഫാരി ഇത് ഒരുങ്ങിയിരിക്കുന്നത്.
വളയും മാലയും ചാന്തും പൊട്ടും, നെല്ലിക്ക, മാങ്ങ, പൈനാപ്പിൾ എന്നിവ ഉപ്പിലിട്ടതും, കുട്ടികളുടെ കളിപ്പാട്ട കടയും പാത്രങ്ങളും ചട്ടികളും മറ്റും നിരത്തിവെച്ച പാത്രക്കടയും ഗോലിസോഡ, കുലുക്കി സര്‍ബത്ത് കടയും എല്ലാം തയാറാക്കിയിട്ടുണ്ട്. ഫാന്‍സി ജ്വല്ലറി ഷോപ്, ആയുര്‍വേദ കടകള്‍, പക്ഷികളും, അലങ്കാര മത്സ്യങ്ങളും തുടങ്ങിയവ ഉൽസവക്കാഴ്ചകളിലുണ്ട്. ബനാന ഹല്‍വ, പച്ചമുളക് ഹല്‍വ, പേരക്ക ഹല്‍വ, ചക്ക ഹല്‍വ, കാരറ്റ് ഹല്‍വ, ഇഞ്ചി ഹല്‍വ തുടങ്ങിയവയടക്കം കോഴിക്കോടന്‍ ഹല്‍വയുടെ മുപ്പതോളം വിവിധ വൈവിധ്യങ്ങളുമുണ്ട്.
പൊരിക്കടയും, വറുത്ത കായ, വറുത്ത ചക്ക, നെയ്യപ്പം, ഉണ്ണിയപ്പം, അച്ചപ്പം തുടങ്ങിയ ചിപ്സ് ഇനങ്ങളും, ഉത്സവപ്പറമ്പിലെ ജിലേബിയും ലഭ്യമാക്കിയിട്ടുണ്ട്. ജോക്കര്‍ മിഠായികളും തേന്‍നിലാവും പുളിയച്ചാറുകളും മുതൽ ഉത്സവപ്പറമ്പുകളില്‍ കാണുന്ന ഗെയിമുകള്‍ വരെ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നാടന്‍ ചായക്കടയും എണ്ണക്കടികളും, പഴയ ഉന്തുവണ്ടിയിലെ വറുത്ത കപ്പലണ്ടി, ഗ്രീൻപീസ്, മസാലക്കടലയും ആസ്വദിക്കാൻ ഇവിടെ സൗകര്യമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു