ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി നിലകൊള്ളുന്ന സദ്ഭരണത്തിനും വികസനത്തിനുമൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ഛത്തീസ്ഗഡിലേയും മധ്യപ്രദേശിലും രാജസ്ഥാനിലേയും ഫലം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ജനവിധിക്കുമുന്നില്‍ വണങ്ങുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ബിജെപിയോടുള്ള സ്നേഹത്തിനും അനുഗ്രഹത്തിനും എല്ലാ വോട്ടർമാർക്കും പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർക്കും യുവാക്കൾക്കും നന്ദി. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങൾ മുന്നോട്ട് പോകുന്നത്. ആ ദിശയിൽ ഇന്ന് നമ്മൾ ഒരുമിച്ച് ശക്തമായ ചുവടുവെപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലെത്തിച്ച ബിജെപി പ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകർക്ക് പ്രത്യേക നന്ദി. നിങ്ങളെല്ലാം മികച്ച മാതൃകയാണ് കാഴ്ചവെച്ചത്. നിങ്ങൾ ബിജെപിയുടെ വികസനവും, ദരിദ്ര ക്ഷേമ നയങ്ങളും ജനങ്ങളിലേക്ക് എത്തിച്ചത് എത്ര പ്രശംസിച്ചാലും മതിയാവില്ല. ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി തുടർന്നും തങ്ങളുടെ കഴിവിന്റെ പരമാവധി നൽകി കൊണ്ട് അതി കഠിനമായി പരിശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ പിന്നിലായ തെലങ്കാനയിലെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനത്ത് ബി.ജെ.പിക്കുള്ള പിന്തുണ വര്‍ധിച്ചുവരികയാണെന്നും അത് വരുംകാലത്തും തുടരുമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. തെലങ്കാനയുമായുള്ള തങ്ങളുടെ ബന്ധം അഭേദ്യമാണെന്നും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു