ഷാർജ: മലയാളി ഡോക്ടർമാരുടെ യു.എ.ഇ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഗ്രാജ്വേറ്റ്സ് ഷാർജയിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഷാർജ വണ്ടേഴ്സ് ക്ലബിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തരൂപങ്ങളുടെ അവതരണം നടന്നു. കുട്ടികളിൽ പരിസ്ഥിതി ആഭിമുഖ്യം പുലർത്തുന്ന പരിപാടികളും അരങ്ങേറി. പുനരുൽപാദന വസ്തുക്കൾ ഉപയോഗിച്ചുള്ള ഫാഷൻ ഷോ ആയിരുന്നു ഹാർവെസ്റ്റ് ഫെസ്റ്റിലെ പ്രധാന ആകർഷണം. പരിസ്ഥിതിയോട് ചേർന്നുനിൽക്കുന്ന ജീവിത ശൈലി രൂപപ്പെടുത്തുമെന്ന് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
യു.എ.ഇയുടെ സുസ്ഥിരത വർഷാചരണ ഭാഗമായി ‘നാളേക്കുവേണ്ടി ഇന്ന്’ എന്ന ശീർഷകത്തിൽ എ.കെ.എം.ജി നടപ്പാക്കി വരുന്ന വിവിധ പരിപാടികളുടെ തുടർച്ച കൂടിയായിരുന്നു ഹാർവെസ്റ്റ് ഫെസ്റ്റ്. എ.കെ.എം.ജിയുടെ ആദ്യ വനിതാ പ്രസിഡൻറ് കൂടിയായ ഡോ. നിർമലാ രഘുനാഥന്റെ മേൽനോട്ടത്തിലാണ് ബദൽ ജീവിത രീതികൾക്ക് പ്രാമുഖ്യം നൽകുന്ന വിവിധ പരിപാടികൾ കൂട്ടായ്മ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ ഭവനം’ എന്ന മുദ്രാവാക്യത്തിനു ചുവടെ പരിസ്ഥിതി ആശയങ്ങളുടെ പ്രചാരണവും എ.കെ.എം.ജി ഏറ്റെടുത്തിട്ടുണ്ട്. യു.എ.ഇ പ്രഖ്യാപിച്ച സുസ്ഥിരതാ വർഷം മുൻനിർത്തി ‘ഹരിതോത്സവം’ എന്ന പേരിൽ എ.കെ.എം.ജി സംഘടിപ്പിക്കുന്ന ബാൽക്കണി ഗാർഡൻ മത്സരത്തിലേക്കും എൻട്രികൾ ക്ഷണിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു