ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവർത്തകരുടെയും പിന്തുണക്ക് നന്ദിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതിന് തെലങ്കാനയിലെ ജനങ്ങളോട് നന്ദി പറഞ്ഞ രാഹുല്‍ ഗാന്ധി, ‘പ്രജാലു തെലങ്കാന’ (ജനങ്ങളുടെ തെലങ്കാന) യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന ഉറപ്പും നല്‍കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. പാര്‍ട്ടി ഇതിനെ അതിജീവിക്കുമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിടത്തും തോൽവിയിലേക്ക് പോകുന്ന കോൺഗ്രസിനെ വിമർശിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമർശിച്ചു. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. എല്ലാവരും ഒന്നിച്ച് നിന്നാൽ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു