തൃശ്ശൂര്‍: കേരള വര്‍മ്മ കോളേജില്‍ സത്യം വിജയിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രസക്തി വലുതാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധി തെറ്റായ പ്രാചാരണങ്ങള്‍ കെഎസ്യുവിന്റെയും കെപിസിസി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ നടത്തി. തിരഞ്ഞെടുപ്പ് സുതാര്യമെന്ന് ആദ്യഘട്ടം മുതല്ക്കേ എസ്എഫ്ഐ പറഞ്ഞിരുന്നുവെന്നും ആര്‍ഷോ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശപ്രകാരം നടന്ന റീകൗണ്ടിംഗില്‍ ചെയര്മാന് സ്ഥാനത്തേക്ക് എസ്എഫ്ഐ പ്രതിനിധി വിജയിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില മുഖ്യധാരാ മാധ്യമങ്ങളും തെറ്റായ പ്രചാരണം നടത്തിയെന്ന് ആര്‍ഷോ പറഞ്ഞു. എസ്എഫ്ഐ തോറ്റെന്ന രീതിയില്‍ അവര്‍ ചര്‍ച്ചകള്‍ നടത്തി. ഇപ്പോള്‍ പുറത്തുവന്ന ഫലവും അതുപോലെ നല്‍കാനും ചര്‍ച്ചകള്‍ നടത്താനും അവര്‍ തയാറുണ്ടോ എന്നും ആര്‍ഷോ ചോദിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ റീകൗണ്ടിങ്ങില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി കെ.എസ്.അനിരുദ്ധന് മൂന്നു വോട്ടുകള്‍ക്കാണ് ജയിച്ചത്.
ഇന്ന് നടന്ന റീകൗണ്ടിംഗില്‍ മൂന്ന് വോട്ടുകള്‍ക്കാണ് എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധന് വിജയിച്ചത്. അനിരുദ്ധന് 892 വോട്ടുകള്‍ നേടിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥി എസ് ശ്രീകുട്ടന് 889 വോട്ടുകളാണ് നേടിയത്.വിജയം സൂചിപ്പിക്കുന്നത് എസ്എഫ്ഐ ശരിയാണ് എന്നതാണ്. കേരളത്തിലെ കെഎസ്യു വിദ്യാര്‍ഥി സമൂഹത്തോടും പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ തയ്യാറാവണം. കെഎസ്യു – കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശ്രീക്കുട്ടനോടും മാപ്പ് പറയണമെന്നും ആര്‍ഷോ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു