ജോലി ആവശ്യാർഥം വിദേശങ്ങളിലായിരിക്കുമ്പോൾ നാട്ടിലെ വസ്തുക്കളുടെയും ബാങ്കിലെയും മറ്റുമായി ക്രയവിക്രയങ്ങൾ ആവശ്യമായി വരുന്നവരാണ് പ്രവാസികൾ. ഈ സാഹചര്യങ്ങളിൽ തന്റെ അസാന്നിധ്യത്തിൽ കാര്യങ്ങൾ ചെയ്തു തീർത്താൻ പ്രവാസികൾക്ക് പലപ്പോഴും പവർ ഓഫ് അറ്റോർണി അഥവാ മുക്ത്യാർ നൽകേണ്ടതായി വരും. അതുപോലെ പവർ ഓഫ് അറ്റോർണി ലഭിച്ച ആളിൽ നിന്ന് ഭൂമി അടക്കമുള്ള വസ്തുവഹകൾ വാങ്ങേണ്ടിയും വരും. ഇത്തരം സന്ദർഭങ്ങളിൽ നാം ശ്രദ്ധിക്കേണ്ട പ്രധാന വസ്തുതകൾ എന്തൊക്കെയെന്ന് അറിയുന്നത് നല്ലതാണ്.
പ്രധാനമായും ശ്രദ്ധിക്കേണ്ടത്
1 വളരെ വിശ്വസ്തരായവരുടെ പേരിൽ മാത്രം നൽകുക.
2- മുക്ത്യാർ നൽകപ്പെടുന്ന ആൾ കൈകാര്യം ചെയ്യുന്ന രീതി എപ്പോഴും വീക്ഷിക്കുക.
3 വ്യവസ്ഥകൾ കൃത്യവും വ്യക്തവുമായി എഴുതുക.
4 മുക്ത്യാർ ലഭിച്ച ആളിൽ നിന്നും ഭൂമിയോ മറ്റ് വസ്തുക്കളോ വാങ്ങുമ്പോൾ മുക്ത്യാർ നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് പ്രത്യേകം ഉറപ്പ് വരുത്തുക. മുക്ത്യാർ നൽകിയ ആൾ ജീവിച്ചിരിക്കുന്നുവോ, റദ്ദ് ചെയ്തിട്ടുണ്ടോ, കാലാവധി, രജിസ്ട്രേഷൻ, മതിയായ മുദ്രപത്രം എന്നിവയെല്ലാം ഏറെ പ്രാധാന്യമാണ്.
5 ജനറൽ മുക്ത്യാർ പ്രകാരം ഭൂമിയോ കെട്ടിടമോ നോക്കിനടത്താനാണ് അധികാരപ്പെടുത്തിയതെങ്കിൽ, മുക്ത്യാറിൽ വിൽപനക്ക് പ്രത്യേകം അധികാരപ്പെടുത്തിയെങ്കിൽ മാത്രമേ മുക്ത്യാർ ലഭിച്ച ഏജന്റിന് വിൽക്കാൻ പാടുള്ളൂ. ഇങ്ങനെയുള്ള വസ്തു ഇതറിയാതെ വാങ്ങിയാൽ അസാധുവാകും. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഗൗരവത്തിലെടുക്കുക. അൽപം ശ്രദ്ധ ഏറെ പ്രയാസങ്ങളിൽനിന്ന് രക്ഷ നൽകും.
സാധാരണയായി മുക്ത്യാർ നൽകുന്നത്
1 വസ്തു കൈമാറ്റവും കൈകാര്യം ചെയ്യലും
2 വാടകക്ക് നൽകൽ
3 ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുക
4 ബാങ്ക് അക്കൗണ്ടിൽ ഇടപാടുകൾ നടത്തുക
5 ടാക്സ് / ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങൾ ചെയ്യുക.
6 കോടതി വ്യവഹാരങ്ങൾ
വിവിധങ്ങളായ മുക്ത്യാർ
1 ജനറൽ മുക്ത്യാർ: ഈ മുക്ത്യാർ പ്രകാരം വ്യത്യസ്ത കാര്യങ്ങൾ ചെയ്യാനായി ഏജന്റിനെ ഏൽപിക്കുന്നതാണ്.
2 സ്പെഷ്യൽ മുക്താർ: ഒരു പ്രത്യേക കാര്യം മാത്രം ചെയ്യുന്നതിനായി ഉണ്ടാക്കുകയും പ്രസ്തുത കാര്യം ചെയ്ത ശേഷം മുക്താർ പ്രകാരം ലഭിച്ച അധികാരം ഇല്ലാതാവുകയും ചെയ്യും.
3 നിശ്ചിത / അനിശ്ചിത കാലത്തേക്കുള്ളവ.
4 ഒന്നിലധികം പേർക്ക് നൽകുന്ന മുക്ത്യാർ.
എങ്ങനെ അസാധുവാകും?
1 മുക്ത്യാർ എഴുതിക്കൊടുത്ത ആൾ മരണപ്പെട്ടാൽ.
2 മുക്ത്യാർ എഴുതിക്കൊടുത്ത ആൾ മുക്ത്യാർ പിൻവലിച്ച് അസാധുവാക്കിയാൽ .
3 സ്പെഷ്യൽ മുക്ത്യാർ, നിശ്ചിത കാലാവധി മുക്ത്യാർ എന്നിവയുടെ കാര്യത്തിൽ കാര്യം, കാലാവധി എന്നിവ കഴിഞ്ഞാൽ.
മുക്ത്യാർ ആർക്കെല്ലാം നൽകാം
ബുദ്ധിസ്ഥിരതയുള്ള 18 വയസ്സ് തികഞ്ഞ ആരുടെയും പേരിൽ നൽകാം. എന്നാൽ, ഏറ്റവും വിശ്വസ്തരായവർക്ക് മാത്രം നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ഭൂമി, കെട്ടിടങ്ങൾ എന്നിവ വിൽക്കാനായി മുക്ത്യാർ നൽകുമ്പോൾ ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരീ സഹോദരന്മാർ, മകളുടെ ഭർത്താവ്, മകന്റെ ഭാര്യ, ദത്തെടുക്കപ്പെട്ട മകൻ അല്ലെങ്കിൽ മകൾ എന്നിവരുടെ പേരിൽ നൽകുക. മറ്റുള്ളവരുടെ പേരിൽ നൽകിയാൽ മുക്ത്യാർ രജിസ്റ്റർ ചെയ്യേണ്ടതും വസ്തു വിലയുടെ നിശ്ചിത ശതമാനം (സാധാരണ രീതിയിൽ ആറ് ശതമാനം) സ്റ്റാമ്പ് ആക്ട് പ്രകാരം സ്റ്റാമ്പ് ഡ്യൂട്ടി അടക്കേണ്ടിയും വരും. ഇത് വൻ തുകയാവും.
പ്രവാസികൾക്കായി എങ്ങനെ തയാറാക്കാം?
പ്രവാസികൾക്ക് ഏറ്റവും നല്ലത് നിശ്ചിത രൂപയുടെ മുദ്രക്കടലാസിൽ നാട്ടിൽനിന്ന് തയാറാക്കി എംബസികളിൽ നിന്ന് അറ്റസ്റ്റ് ചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു