ദോഹ: തണുപ്പ് കൂടിത്തുടങ്ങിയതോടെ ലോകമെങ്ങുമുള്ള സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ഖത്തർ ടൂറിസത്തിന്റെ ഒരുപിടി പരിപാടികൾ. ശൈത്യകാലം കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വൈവിധ്യമാർന്ന ആകർഷണങ്ങളും ഇവന്റ് ലൈനപ്പുകളും ഉൾപ്പെടുത്തി ‘ഹയ്യാക്കും ഖത്തർ’ കാമ്പയിനുമായി ഖത്തർ ടൂറിസം.
ഹിയർസ് ടു യുവർ ജോയ്, ഹിയർസ് ടു യുവർ ഗാതറിങ്സ്, ഹിയർസ് ടു യുവർ ലോഫർ, ഹിയർസ് ടു യുവർ എക്സൈറ്റ്മെന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് കാമ്പയിൻ ആരംഭിക്കുന്നത്.
പുതിയ കാമ്പയിനുമായി തണുപ്പുകാല ടൂറിസത്തിലേക്ക് സഞ്ചാരികളെയും താമസക്കാരെയും സ്വാഗതം ചെയ്യുകയാണെന്ന് ഖത്തർ ടൂറിസം ചീഫ് മാർക്കറ്റിങ് ആൻഡ് പ്രമോഷൻ ഓഫിസർ എൻജി. അബ്ദുൽ അസീസ് അൽ മവ്ലവി പറഞ്ഞു. സന്ദർശകർക്കായി കുടുംബസൗഹൃദ പരിപാടികളും പ്രദർശനങ്ങളുമായി സജീവമാവുകയാണ് ഖത്തർ ടൂറിസം.
ഈ വർഷം ഇതിനകം 30 ലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്ത ഖത്തർ വരാനിരിക്കുന്ന സീസണിൽ സഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയായി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സന്ദർശകർക്ക് രാജ്യത്തിന്റെ സാംസ്കാരികവും സമകാലികവുമായ ആകർഷണങ്ങൾ ഏറ്റവും സുരക്ഷിതമായ അന്തരീക്ഷത്തിൽ നേരിട്ട് അനുഭവിക്കാനും ആസ്വദിക്കാനുമുള്ള അവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ലേസ് വെൻഡം മാൾ, അൽ ഹസം മാൾ, കതാറയിലെ പ്രസിദ്ധമായ 21 ഹൈ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഹിയർസ് ടു യുവർ ജോയ് അവതരിപ്പിക്കുക. ഖത്തറിന്റെ വിപുലമായ റീട്ടെയിൽ ഓഫറിന്റെ ഭാഗമായി ഈ ശൈത്യകാലത്ത് തിരിച്ചെത്താൻ പോകുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലായ ഷോപ്പ് ഖത്തറും കാമ്പയിനൊപ്പം നടക്കും. ഫാഷൻ പ്രദർശനങ്ങൾ, മേക്കപ്പ് മാസ്റ്റർ ക്ലാസുകൾ, ഏറ്റവും നൂതനമായ വിനോദപദ്ധതികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ഹിയർസ് ടു യുവർ ജോയിയിൽ പങ്കാളികളാകുന്ന ആഡംബരമാളുകളിൽ സംഘടിപ്പിക്കുന്നത്.
ആഡംബര കാറുകൾ, അപ്പാർട്ട്മെന്റുകൾ, കാഷ് പ്രൈസ് എന്നിങ്ങനെ ആകർഷക സമ്മാനങ്ങളും പ്രമോഷനുകളും കാമ്പയിന്റെ ഭാഗമായി നടക്കും.ബജറ്റ് നിരക്കിലെ തെരുവ് ഫുഡ്സ്റ്റാളുകൾ മുതൽ പ്രശസ്തരായ ഷെഫുകളുടെ റസ്റ്റാറന്റുകൾ വരെ ഖത്തറിന്റെ വൈവിധ്യമാർന്ന ഭക്ഷണപാരമ്പര്യത്തെ പരിചയപ്പെടുത്താൻ മുന്നിലുണ്ടാകും. മേഖലയിലെയും അന്തർദേശീയ തലങ്ങളിലെയും മികച്ച പാചകക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളയും ഈ സീസണിലെ പ്രധാന ആഘോഷ പരിപാടികളിലൊന്നാണ്.
പ്രേക്ഷകർക്ക് തത്സമയ വിനോദപരിപാടികൾ ആസ്വദിക്കാൻ കഴിയുന്നതോടൊപ്പം പാചക ക്ലാസുകളിൽ നേരിട്ട് പങ്കെടുക്കാനും സെലിബ്രിറ്റികളായ ഷെഫുമാരെ നേരിൽ കാണാനുമുള്ള അവസരമാണ് 13ാമത് ഭക്ഷ്യമേള നൽകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു