ദോഹ: വെടിനിർത്തലിനു പിന്നാലെ വെള്ളിയാഴ്ച പുനരാരംഭിച്ച ആക്രമണങ്ങൾക്കു നടുവിൽ തെക്കൻ ഗസ്സയിൽ ആശ്വാസം പകർന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ സാന്നിധ്യം. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ ഏകോപനവുമായി ഏതാനും ദിവസങ്ങളായി ഇവിടെയും ഈജിപ്തിലുമായി തുടരുന്ന മന്ത്രി കഴിഞ്ഞ ദിവസം ഗസ്സ പുനർനിർമാണ കമ്മിറ്റി സംഭരണ കേന്ദ്രം സന്ദർശിച്ചു. വളൻറിയർമാരും യു.എൻ റിലീഫ് വർക്സ് എജൻസി ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രി മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ഒന്നര മാസം പിന്നിട്ട യുദ്ധത്തെത്തുടർന്ന് നാമാവശേഷമായ ഗസ്സക്ക് ആവശ്യമായ സഹായങ്ങളും മറ്റും തിരിച്ചറിയുക എന്ന ലക്ഷ്യവുമായാണ് ലുൽവ ബിൻത് റാഷിദ് തെക്കൻ ഗസ്സയിൽ തുടരുന്നത്. യു.എൻ.ആർ.ഡബ്ല്യു.എ ഡയറക്ടർ തോമസ് വൈറ്റുമായി അവർ കൂടിക്കാഴ്ച നടത്തി.
ഫലസ്തീൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് സിയാറ, സാംസ്കാരിക മന്ത്രി ആരിഫ് അബു സൈഫ്, സംരംഭകത്വ-ശാക്തീകരണ മന്ത്രി ഉസാമ അൽ സദാവി എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഫലസ്തീൻ മേഖലകളിൽ ഇസ്രായേൽ നേതൃത്വത്തിൽ നടക്കുന്ന ആക്രമണവും അധിനിവേശവും സംബന്ധിച്ച് ഇവരുമായി ആശയവിനിമയം നടത്തി. ആവശ്യമായ വിഭാഗം ജനങ്ങളിലേക്ക് സഹായമെത്തിക്കുന്നതിനായി സമ്പൂർണ വെടിനിർത്തലും യുദ്ധം അവസാനിപ്പിക്കലും ആവശ്യമാണെന്ന് ഇവർ വ്യക്തമാക്കി. ദുർഘടമായ സാഹചര്യത്തിൽ ഫലസ്തീനികളെ ഹൃദയത്തോടു ചേർത്ത് ഖത്തറിന്റെ സഹായങ്ങൾ തുടരുമെന്ന് അവർ ഉറപ്പുനൽകി. കഴിഞ്ഞ ദിവസം ഈജിപ്തിലെ അൽ അരിഷ് ജനറൽ ആശുപത്രിയിലെത്തി യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീനികളെയും ഇവർ സന്ദർശിച്ചിരുന്നു. യുദ്ധത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരെയും പരിക്കേൽക്കുകയും വീടും സമ്പാദ്യവുമെല്ലാം തകരുകയും ചെയ്തവരെയുമെല്ലാം മന്ത്രി സന്ദർശിച്ച് ആശ്വസിപ്പിച്ചു.
അൽ അരിഷിൽ അറബ് പാർലമെന്റ് സ്പീക്കർ അദിൽ ബിൻ അബ്ദുൽറഹ്മാൻ അൽ അസൂമിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു