ദോഹ: എതിർവലയിൽ ഗോൾമഴ പെയ്യിച്ച് തൃശൂർ ജില്ല സൗഹൃദവേദി ഖിഫ് അന്തർ ജില്ല ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ ഇടം ഉറപ്പിച്ചു. വെള്ളിയാഴ്ച രാത്രി ദോഹ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വയനാട് കൂട്ടത്തെ മറുപടിയില്ലാത്ത ഏഴു ഗോളിനായിരുന്നു തകർത്തത്. ഹാട്രിക് ഗോൾ നേടി സൽമാൻ തൃശൂരിന്റെ താരമായി. ലിബിൻ രണ്ട് ഗോളും മൗസൂഫ്, ലത്തീഫ് എന്നിവർ ഓരോ ഗോളും നേടി.
വ്യാഴാഴ്ച രാത്രി നടന്ന രണ്ടാമത്തെ മത്സരത്തിൽ കെ.എം.സി.സി കണ്ണൂരിനെ തോൽപിച്ച് ഫോക് കോഴിക്കോട് സെമിയിൽ കടന്നിരുന്നു. ആദ്യ പകുതിയിൽ ആരിഫും വാജിദും നേടിയ ഗോളുകളുടെ മികവിൽ 2-1നായിരുന്നു കോഴിക്കോട് കണ്ണൂരിനെ വീഴ്ത്തിയത്.
രണ്ടാം പകുതിയിൽ പൊരുതിയെങ്കിലും അനുരാഗിന്റെ ഒരു ഗോൾ മാത്രമേ കണ്ണൂരിന് സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂ. കെ.എം.സി.സി മലപ്പുറമാണ് സെമിയിൽ കടന്ന മറ്റൊരു ടീം. വെള്ളിയാഴ്ച രാത്രി വൈകി നടന്ന പാലക്കാട്-എറണാകുളം മത്സര വിജയികളായിരിക്കും സെമിയിലെ നാലാമത്തെ ടീം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു