ദോഹ: ദുബൈയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. വെള്ളിയാഴ്ച രാവിലെ ദുബൈയിലേക്ക് പറന്ന അമീർ വിവിധ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി. യു.എൻ ഉന്നത ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രനേതാക്കളും പ്രതിനിധികളായി പങ്കെടുത്ത ഉച്ചകോടി ലോകം നേരിടുന്ന കാലാവസ്ഥ വെല്ലുവിളികൾ സംബന്ധിച്ചുള്ള ചർച്ചകളുടെ ഇടമായി മാറി. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു.
ഉച്ചകോടിയിൽ പങ്കെടുത്ത അമീർ വിവിധ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ചാൾസ് രണ്ടാമൻ രാജാവ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ ഫ്രാൻസിസ്കോ പെട്രോ, ലബനാൻ പ്രധാനമന്ത്രി നജീബ് മികാതി, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമി കിഷിദ എന്നിവരുമായാണ് അമീർ കൂടിക്കാഴ്ച നടത്തിയത്.
കോപ് ഉച്ചകോടിക്കിടെ അമീർ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമൊപ്പം
ഇതിനു പുറമെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഉൾപ്പെടെ വിവിധ രാഷ്ട്രനേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ അമീരി ദിവാൻ ‘എക്സ്’ പേജിൽ പങ്കുവെച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ ഉന്നത സംഘവും അമീറിനൊപ്പമുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു