മസ്കത്ത്: വിവിധ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തിയും സഹകരണം ശക്തിപ്പെടുത്തിയും രണ്ടു ദിവസത്തെ ഒമാൻ സന്ദർശനം പൂർത്തിയാക്കി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഡോ. അലൈൻ ബെർസെറ്റ് മടങ്ങി. സന്ദർശനത്തിന്റെ ഭാഗമായി നയതന്ത്ര പഠനവും പരിശീലനം, സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഊർജം, അതിന്റെ സാങ്കേതിക വിദ്യകൾ, പൈതൃകം, ടൂറിസം, ആരോഗ്യ സംരക്ഷണം, ശേഷിവികസനം എന്നീ മേഖലകളിൽ കരാറുകളിലെത്തിയാണ് പ്രസിഡന്റ് മടങ്ങിയത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലും തലങ്ങളിലുമുള്ള ഉഭയകക്ഷിബന്ധത്തെ പ്രസിഡന്റ് പ്രശംസിച്ചു. അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ ക്രിയാത്മകമായ പങ്ക്, പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ നിഷ്പക്ഷത പുലർത്തുന്നതിനുള്ള രണ്ട് സൗഹൃദരാജ്യങ്ങളുടെ പ്രതിബദ്ധത, സഹകരണം ശക്തിപ്പെടുത്തുന്നതിന് സംഭാവനചെയ്യുന്ന ഇരുപക്ഷവും തമ്മിലുള്ള സാമ്യത എന്നിവയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മകമായ സഹകരണത്തിന്റെ വഴികളും ജനങ്ങളുടെ നന്മക്കായി വിവിധ മേഖലകളിൽ അവയെ വികസിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ചർച്ചചെയ്തു. മേഖലയിലും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഇരുപക്ഷവും കാഴ്ചപ്പാടുകളം കൈമാറി.
അൽ ആലം കൊട്ടാരത്തിൽ പ്രസിഡന്റ് ഡോ. അലൈൻ ബെർസെറ്റിനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് സുൽത്താൻ നൽകിയത്. റോയൽ ഗാർഡ് ഓഫ് ഒമാൻ (ആർ.ജി.ഒ) ബാൻഡ് മേളം, ആദരസൂചകമായി പീരങ്കികളുടെ 21വെടിവെപ്പ് തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളോടെയാണ് കൊട്ടാരത്തിലേക്ക് വരവേറ്റത്. പ്രസിഡന്റിനും പത്നിക്കും സുൽത്താനും ഭാര്യയും അത്താഴവിരുന്നും ഒരുക്കിയിരുന്നു.
എല്ലാവരുടെയും സുരക്ഷ, സമാധാനം, സമാധാനപരമായ സഹവർത്തിത്വം, സ്ഥിരത എന്നിവ കൈവരിക്കുന്നതിനും സംഘർഷങ്ങൾ പരിഹരിക്കുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമായി സംഭാഷണം, ചർച്ചകൾ, മധ്യസ്ഥത എന്നീ തത്ത്വങ്ങൾക്ക് ഉറച്ചപിന്തുണയും സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും അറിയിച്ചു. റോയൽ എയർപോർട്ടിൽ നൽകിയ യാത്രയയപ്പിന് ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാൽ അൽ ബുസൈദി നേതൃത്വം നൽകി.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽസബ്തി, സ്വിറ്റ്സർലൻഡിലെ ഒമാൻ അംബാസഡർ മഹ്മൂദ് ഹമദ് അൽ ഹസാനി, ഒമാനിലെ സ്വിറ്റ്സർലൻഡ് അംബാസഡർ ഡോ. തോമസ് ഓർട്ടിൽ തുടങ്ങിയവർ യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു.
ഒമാനിലെ സ്വിറ്റ്സർലൻഡ് അംബാസഡർ ഡോ. തോമസ് ഓർട്ടിൽ, ഫെഡറൽ ഡിപ്പാർട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്സിലെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക വിഭാഗം മേധാവി അംബാസഡർ മായ ടിസാഫി, ഇന്റർനാഷനൽ അഫയേഴ്സ് ഡിവിഷൻ മേധാവിയും ഫെഡറൽ ഓഫിസ് ഓഫ് പബ്ലിക് ഹെൽത്തിന്റെ വൈസ് ഡയറക്ടർ ജനറലുമായ നോറ ക്രോണിഗ് റൊമേറോ, മിഡിൽ ഈസ്റ്റിനായുള്ള സ്വിസ് പ്രത്യേക ദൂതൻ അംബാസഡർ വുൾഫ്ഗാങ് അമേഡിയസ് ബ്രൂൾഹാർട്ട്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരായിരുന്നു പ്രസിഡന്റിനെ അനുഗമിച്ചിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു